ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായി മലയാള സിനിമയിലേക്ക് അരങ്ങേറിയ താരമാണ് ഗീതു മോഹൻദാസ്. പിന്നീട് മലയാളത്തിലെ തിരക്കുള്ള നായികയായും ഗീതു മോഹൻദാസ് മാറിയിരുന്നു. രാപ്പകലിൽ മമ്മൂട്ടിയോടൊപ്പവും ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പവുമെല്ലാം ഗീതു ശ്രദ്ധേയമായ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
മൂത്തോൻ എന്ന ചിത്രത്തിലൂടെ താനൊരു മികച്ച സംവിധായിക കൂടിയാണെന്ന് തെളിയിക്കാൻ ഗീതു മോഹൻദാസിന് കഴിഞ്ഞിരുന്നു. സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം ടോക്സിക് കന്നഡ സൂപ്പർ സ്റ്റാർ യാഷിനെ നായകനാക്കി ഗീതു ഒരുക്കുന്നുവെന്ന വാർത്ത വലിയ ആവേശത്തോടെയാണ് സിനിമാലോകം ഏറ്റെടുത്തത്.
ആദ്യ ചിത്രമായ ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ അഭിനയിച്ച അനുഭവം പങ്കുവെക്കുകയാണ് താരം. തന്റെ കരിയറിൽ ഏറ്റവും നന്നായി അഭിനയിച്ച ആദ്യത്തെയും അവസാനത്തെയും ചിത്രം അതാണെന്ന് താരം പറയുന്നു. ചിത്രം കാണുമ്പോൾ തന്നെ കുറിച്ച് അഭിമാനം തോന്നാറുണ്ടെന്നും ഗീതു മോഹൻദാസ് പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോട് സംസാരിക്കുകയായിരുന്നു താരം.
‘ നാലര, അഞ്ചു വയസിൽ ഞാൻ ഒന്നു മുതൽ പൂജ്യം വരെ എന്നൊരു സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു നടി എന്ന നിലയിൽ എന്നെക്കുറിച്ച് അഭിമാനം തോന്നിയ ആദ്യത്തെയും അവസാനത്തെയും സിനിമ അതായിരുന്നു.
പക്ഷെ അത് എന്താണെന്ന് എനിക്കറിയില്ല. ഞാനിപ്പോഴും ആ സിനിമ ഇഷ്ടപ്പെടുന്നു. ഓരോ തവണ അത് ടി. വിയിൽ വരുമ്പോഴും കാണുമ്പോഴും എനിക്ക് എപ്പോഴും തോന്നും ആ സിനിമ കാലത്തിനുമപ്പുറമുള്ള ചിത്രമാണെന്ന്,’ഗീതു മോഹൻദാസ് പറയുന്നു.
രഘുനാഥ് പാലേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഒന്ന് മുതൽ പൂജ്യം വരെ. മോഹൻലാൽ,ആശ ജയറാം, പ്രതാപ് പോത്തൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
അതേസമയം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിൽ വമ്പൻ താരനിരയാണ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കെ. ജി. എഫ് എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം യാഷ് അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകത കൂടി ടോക്സിക്കിനുണ്ട്.
Content Highlight: Geethu mohandas talk about onn muthal poojyam vare movie