| Saturday, 20th November 2021, 3:12 pm

'എന്റെ ശബ്ദത്തിലൂടെയാണ് ട്രെയ്‌ലര്‍ വരുന്നത് എന്ന് അറിയില്ലായിരുന്നു'; ചുരുളിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗീതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്,  ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിനിമയാണ് ചുരുളി.

വളരെ വ്യത്യസ്തമായ പ്രമേയങ്ങളെ ആസ്പദമാക്കി സിനിമ ചെയ്യാറുള്ളയാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ചുരുളിയും അത്തരത്തിലൊരു വ്യത്യസ്തമായ വിഷയത്തെ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ്. ഒ.ടി.ടി പ്ലാറ്റഫോമിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. സിനിമയുടെ കഥയും അതിലെ സാങ്കേതികതയും ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്.

സിനിമയില്‍ വളരെ വ്യത്യസ്തമായൊരു വേഷമാണ് ഗീതി സംഗീത അവതരിപ്പിച്ചിരിക്കുന്നത്. നാടകത്തിലൂടെ സിനിമയിലെത്തിയ ഗീതി വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പിന്തുണ നേടിയിട്ടുണ്ട്.

വളരെ ചുരുങ്ങിയ സമയം മാത്രമേ സിനിമയില്‍ ഉള്ളുവെങ്കിലും വളരെ വലിയ സ്വാധീനമുണ്ടാക്കാന്‍ ഗീതി അവതരിപ്പിച്ച കഥാപാത്രത്തിനായിട്ടുണ്ട്.

ചുരുളിയില്‍ അഭിനയിച്ചതിന്റെ വിശേഷങ്ങളും തന്റെ പുതിയ സിനിമകളെ കുറിച്ചും സംസാരിക്കുകയാണ് ഗീതി സംഗീത. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസുതുറക്കുന്നത്.

സിനിമയിലേക്ക് നേരിട്ട് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു എന്ന് താരം പറയുന്നു. ”ഓഡീഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഞാന്‍ മുന്‍പ് ചെയ്‌തൊരു സിനിമയുണ്ട് ഹ്യൂമന്‍ കോളനി. എന്റെ ഫസ്റ്റ് മൂവി ആയിരുന്നു. അതില്‍ ആച്ചി എന്ന ക്യാരക്ടര്‍ ആണ് ഞാന്‍ ചെയ്തത്. അതിന്റെ ഒരു പോസ്റ്റര്‍ ഇറങ്ങിയിട്ടുണ്ടായിരുന്നു. പൂക്കൊട്ടയൊക്കെ തലയില്‍ വെച്ചിട്ടുള്ളൊരു പോസ്റ്റര്‍. അത് കണ്ടിട്ടാണ് സാറിന്റെ ടീമിന്ന് എന്നെ വിളിക്കുന്നത്. സാര്‍ എന്നോട് പറഞ്ഞു ഗീതിയുടെ കൈയ്യില്‍ നിന്നുമെനിക്ക് ഒരു ലൗഡ് പെര്‍ഫോമന്‍സാണ് വേണ്ടത് അത് ചെയ്താമതിയെന്ന്,’ ഗീതി പറയുന്നു.

ഒരുതരത്തിലുള്ള തയ്യാറെടുപ്പുകളും ഇല്ലാതെയാണ് ചുരുളിയില്‍ അഭിനയിക്കാനെത്തുന്നത് താരം പറയുന്നു. ‘കുറച്ച് നല്ല തടിയുള്ള ക്യാരക്ടര്‍ ആയിരുന്നു. അതുകൊണ്ട് ഡയറ്റൊന്നും ചെയ്യേണ്ടി വന്നില്ല. പിന്നെ എന്നോട് ത്രെഡ് ചെയ്യരുതെന്ന് പറഞ്ഞിരുന്നു. ലൊക്കേഷനിലെത്തിയതിന് ശേഷമാണ് ക്യാരക്ടറിനെ എക്‌സ്‌പ്ലെയ്ന്‍ ചെയ്ത് തന്നത്,’ താരം പറയുന്നു.

വളരെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നുണ്ടെന്നും ഇനി ഇറങ്ങാനിരിക്കുന്ന സിനിമകളും ഇത്തരത്തിലുള്ളതാണെന്നും താരം പറയുന്നു.

സിനിമയുടെ ട്രെയ്‌ലര്‍ തന്റെ ശബ്ദത്തിലൂടെയാണെന്ന് അറിഞ്ഞപ്പോള്‍ കുറച്ച് പേടിയുണ്ടായിരുന്നെന്ന് ഗീതി പറയുന്നു. ‘സാര്‍ എന്നെകൊണ്ട് കഥ പറയിപ്പിച്ചു, അത് എന്തിനാണെന്ന് ഞാന്‍ ചോദിച്ചതുമില്ല. ഒരു നരേഷന്‍ ചെയ്യണമെന്ന് പറഞ്ഞു, അത് ചെയ്തു. എന്റെ ശബ്ദത്തില്‍ കൂടെ ട്രെയ്‌ലറിങ്ങനെ വന്നപ്പോള്‍ വളരെ സന്തോഷം ആയി.” താരം പറയുന്നു.

ലിജോ പെല്ലിശ്ശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചുരുളി നിര്‍മ്മിച്ചിരിക്കുന്നത്. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചുരുളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.ഹരീഷാണ്.

ഇടി മഴ കാറ്റ്, തുറമുഖം, വെയില്‍, ചതുരം, ഒരുത്തി തുടങ്ങിയ സിനിമകളാണ് ഗീതിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തുറമുഖം ഡിസംബര്‍ 24നാണ് റിലീസ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Geethi sharing experience about Churuli

We use cookies to give you the best possible experience. Learn more