2021ല്‍ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശേരിയുടെ സിനിമയാണ് ചുരുളി. ചിത്രത്തിലെ പ്രധാനപ്പെട്ട കഥാപാത്രങ്ങളിന്‍ ഒന്നാണ് പെങ്ങള്‍ തങ്ക. ആ കഥാപാത്രത്തെ അവതരിപ്പിച്ചത് ഗീതി സംഗീതയാണ്. എല്‍.ജെ.പിയുടെ ചുരുളിയിലേക്ക് താന്‍ എങ്ങനെയാണ് എത്തിപ്പെട്ടതെന്ന് പറയുകയാണ് ഗീതി. ആ സിനിമക്ക് ശേഷം തന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങളും താരം പങ്കുവെക്കുന്നു.
അമൃത ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ചുരുളി എന്റെ കരിയറില്‍ ഒരുപാട് മാറ്റം വരുത്തിയ സിനിമയാണ്. സിനിമ ഇറങ്ങി ഇത്രയും സമയം കഴിഞ്ഞിട്ടും ചുരുളിയെ കുറിച്ച് സംസാരിക്കുന്നു എന്നതുതന്നെയാണ് അതിന്റെ വിജയം. ഗീതി സംഗീത എന്നുപറയുമ്പോള്‍ തന്നെ ആദ്യം എല്ലാവരും ചോദിക്കുന്നത് ചുരുളിയിലെ ആര്‍ട്ടിസ്റ്റ് അല്ലേ എന്നാണ്.
സിനിമയുടെ ട്രെയിലര്‍ ഇറങ്ങിയപ്പോള്‍ ആദ്യം ശ്രദ്ധിക്കപ്പെട്ടത് എന്റെ വോയിസ് ഓവറാണ്. അതിനുശേഷമാണ് ഗീതി സംഗീത എന്ന ആര്‍ട്ടിസ്റ്റിനെകുറിച്ച് കുറേ ആര്‍ട്ടിക്കിള്‍ ഒക്കെ വരുന്നത്. ആ കാര്യത്തില്‍ ലിജോ സാറിനോട് ഞാന്‍ ഉറപ്പായും കടപ്പെട്ടിരിക്കുന്നു. ആ സിനിമയിലേക്ക് എന്നെ വിളിച്ചതില്‍ സന്തോഷം മാത്രമേയുള്ളു എനിക്ക്.
ഇന്ന് കരിയറില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആളുകള്‍ ഇടപെഴകുന്ന രീതിയിലും മാറ്റം വന്നു. നമ്മളെ വിളിച്ച് അവിടെയും ഇവിടെയും നിര്‍ത്താന്‍ പറ്റില്ലല്ലോ. ചുരുളിയില്‍ ഓഡിഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. ലിജോ സാറിന്റെ വിളി വന്നപ്പോള്‍ എന്നെ എങ്ങനെ അറിയാമെന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്.
എന്റെ ആദ്യത്തെ സിനിമ ക്യൂബന്‍ കോളനിയായിരുന്നു. അതിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കണ്ടിട്ടാണ് എന്നെ വിളിച്ചത്. അത് കണ്ടപ്പോള്‍ തന്നെ ഇവര്‍ ഈ കഥാപാത്രത്തിന് ആപ്റ്റ് ആണെന്നാണ് സാര്‍ പറഞ്ഞത്,’ ഗീതി സംഗീത പറഞ്ഞു. ചുരുളിയിലെ ‘നിനക്ക് പെരുമാടനാരാണെന്ന് അറിയുവോടാ ഷാജീവ’ എന്നു തുടങ്ങുന്ന ഡയലോഗും ഗീതി പറഞ്ഞു.
ചുരുളിക്ക് മുമ്പും ഗീതി സിനിമകളില്‍ അഭിനയിച്ചിരുന്നു. എങ്കിലും അഭിനേയത്രി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടുന്നത് പെങ്ങള്‍ തങ്കയിലൂടെയാണ്. സിനിമയുടെ ട്രെയിലര്‍ പുറത്ത് വന്നപ്പോള്‍ മുതല്‍ താരത്തിന്റെ ശബ്ദവും പ്രേക്ഷകര്‍ തിരിച്ചറിയാന്‍ തുടങ്ങി. ചെമ്പന്‍ വിനോദ്, വിനയ് ഫോട്ട്, ജാഫര്‍ ഇടുക്കി, സൗബിന്‍ തുടങ്ങിയവരാണ് ചുരുളിയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
CONTENT HIGHLIGHT: GEETHI SANGEETHA TALKS ABOUT HER MOVIE