അങ്ങനെയുള്ളവര്‍ പോളിഷ്ഡ് ആയിട്ടുള്ള ഭാഷയില്‍ സംസാരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ലല്ലോ; ചുരുളി വിവാദത്തില്‍ ഗീതി സംഗീത
Entertainment news
അങ്ങനെയുള്ളവര്‍ പോളിഷ്ഡ് ആയിട്ടുള്ള ഭാഷയില്‍ സംസാരിക്കണമെന്ന് നിര്‍ബന്ധം പിടിക്കാന്‍ കഴിയില്ലല്ലോ; ചുരുളി വിവാദത്തില്‍ ഗീതി സംഗീത
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th November 2021, 8:57 am

നാടകവേദികളിലെ ശക്തമായ കഥാപാത്രങ്ങളില്‍ നിന്നും വെള്ളിത്തിരയില്‍ ചുവടുറപ്പിച്ച താരമാണ് ഗീതി സംഗീത. റോജിന്‍ തോമസ് സംവിധാനം ചെയ്ത ഹോമിലും മികച്ച പ്രകടനം കാഴ്ച വെച്ചാണ് താരം ആരാധകര്‍ക്ക് പ്രിയങ്കരിയായത്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളിയിലും മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചാണ് ഗീതി ഇപ്പോള്‍ കൈയടി നേടുന്നത്.

ചുരുളി സിനിമയിലെ തെറിവിളി വിവാദങ്ങള്‍ അന്ത്യമില്ലാതെ തുടരുന്ന അവസരത്തില്‍ വിഷയത്തില്‍ തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഗീതി. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗീതി മനസുതുറക്കുന്നത്.

ചുരുളി സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ, അത് അങ്ങനെ തന്നെ വേണമെന്നാണ് താരം പറയുന്നത്.

‘അത് അങ്ങനെ തന്നെ വേണം എന്ന അഭിപ്രായക്കാരിയാണ് ഞാന്‍. വേറൊന്നും കൊണ്ടല്ല, കാരണം, ഈ ചുരുളി എന്ന് പറയുന്ന സ്ഥലം അത്തരത്തിലുള്ള ആളുകള്‍ താമസിക്കുന്ന, പുറം നാട്ടില്‍ നിന്ന് വലിയ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ട് പോയി താമസിക്കുന്ന സ്ഥലമാണ്.

അവര്‍ ഒരിക്കലും പോളിഷ്ഡ് ആയ ഭാഷ സംസാരിക്കണമെന്ന് നമുക്ക് ആഗ്രഹിക്കാന്‍ കഴിയില്ല. അങ്ങനെയുള്ള ജീവിതസാഹചര്യത്തില്‍ ജീവിക്കുന്നവര്‍ സംസാരിക്കുന്ന ഭാഷയാണത്. അങ്ങനെയും ആള്‍ക്കാരുണ്ട്.

ഒരു ഭൂമിക ആവശ്യപ്പെടുന്ന തരത്തില്‍, അവിടുത്തെ ആളുകള്‍ എങ്ങനെയായിരിക്കും അതിനനുസരിച്ചല്ലേ കഥയുണ്ടാവുന്നത്,’ താരം പറയുന്നു.

ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജാഫര്‍ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ചുരുളി സംവിധാനം ചെയ്തിരിക്കുന്നത്.

ലിജോ പെല്ലിശ്ശേരീസ് മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചുരുളി നിര്‍മ്മിച്ചിരിക്കുന്നത്. 19 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചുരുളിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്.ഹരീഷാണ്.

ഇടി മഴ കാറ്റ്, തുറമുഖം, വെയില്‍, ചതുരം, ഒരുത്തി തുടങ്ങിയ സിനിമകളാണ് ഗീതിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. തുറമുഖം ഡിസംബര്‍ 24നാണ് റിലീസ് ചെയ്യുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Geethi Sangeetha about the language in Churuli