|

ദളിത് പ്രതിഷേധം ആളികത്തുന്നു; ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരളത്തില്‍ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുകയാണ്. അതേസമയം ആദിവാസി ഗോത്രമഹാസഭാ നേതാവ് ഗീതാനന്ദന്‍ കൊച്ചിയില്‍ അറസ്റ്റിലായി. വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചതിനാണ് ഗീതാനന്ദന്‍ അറസ്റ്റിലായത്.

ഹൈക്കോടതി ജംഗ്ഷനില്‍വെച്ചാണ് ഗീതാനന്ദനും ഏഴോളം പ്രവര്‍ത്തകരും അറസ്റ്റിലായത്. കൊച്ചിയില്‍ കടകമ്പോളങ്ങളൊന്നും ഇതുവരെയും തുറന്നിട്ടില്ല. തിരുവല്ലയില്‍ ഹര്‍ത്താല്‍ അനകൂലികള്‍ വാഹനം തടയുന്നുണ്ട്. പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്.

വടകരയിലും സമരാനുകൂലികള്‍ വാഹനം തടഞ്ഞു. ഉള്ള്യേരിയിലും വാഹനങ്ങള്‍ തടയുകയാണ്. തിരുവനന്തപുരത്ത കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടഞ്ഞു. വടകരയില്‍ ശ്രേയസ് കണാരന്‍, സ്റ്റാലില്‍ വടകര, ആര്‍.കെ ബാബു എന്നിവരയെും പൊലീസ് കസ്റ്റഡിയിലെടുത്തു.

കേരള യൂണിവേഴ്‌സിറ്റി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളും ഇന്നു നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ ഇന്നു തന്നെ പരീക്ഷ നടത്തുമെന്ന് അറിയിച്ചെങ്കിലും പിന്നീട് പരീക്ഷകള്‍ മാറ്റിവെക്കുകയായിരുന്നു.

ഹര്‍ത്താലിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസും മുസ്‌ലിം യൂത്ത് ലീഗും ഇന്നലെ രംഗത്തെത്തിയിരുന്നു. യാക്കോബ സഭ നിരണം ഭദ്രാസനാധിപന്‍ മാര്‍ ഗീവര്‍ഗ്ഗീസ് കുറിലോസും ഹര്‍ത്താലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എസ്.സി എസ്.ടി ആക്ടില്‍ വെള്ളം ചേര്‍ക്കുന്നത് ദളിതര്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ ആക്കം കൂട്ടുമെന്നാണ് ബിഷപ് അഭിപ്രായപ്പെട്ടത്.

നിയമം ലഘൂകരിക്കുന്നത് എതിര്‍ക്കേണ്ടത് സാമൂഹിക നീതിയില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണെന്നും ദളിത് സംഘടനകള്‍ തിങ്കളാഴ്ച നടത്തുന്ന ഹര്‍ത്താലിന് ഐകദാര്‍ഢ്യവും പിന്തുണയും അറിയിക്കുന്നതായും ബിഷപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഹര്‍ത്താല്‍ വിജയിപ്പിക്കണമെന്ന് വിവിധ ബഹുജന സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഭൂഅധികാര സംരക്ഷണ സമിതി, കെ.പി.എം.എസ്സ്, ആദിവാസി ഗോത്രമഹാസഭ, ഡി.എച്ച്.ആര്‍.എം, സി.എസ്.ഡി.എസ്, കേരള ദളിത് മഹാസഭ, ദളിത്-ആദിവാസി മുന്നേറ്റ സമിതി, ഡി.സി.യു.എഫ്, ബി.എസ്.പി, ആര്‍.എം.പി, എന്‍.ഡി.എല്‍.എഫ്, എ.കെ.സി.എച്ച്് എം.എസ്, എന്‍.എ.ഡി.ഒ, കെ.ഡി.എഫ്, കെ.എ.ഡി.എഫ്, ആദിജനമഹാസഭ, ഐ.ഡി.എഫ്, കൊടുങ്ങൂര്‍ കൂട്ടായ്മ, കേരള സ്റ്റേറ്റ് വേലന്‍മഹാസഭ, ചെങ്ങറ സമരസമിതി, അരിപ്പഭൂസമരസമിതി, സിറ്റിസണ്‍സ് ഫോറം, സി.പി.ഐ.എം.എല്‍, റെഡ് സ്റ്റാര്‍, എസ്.സി/എസ്സ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി പാലക്കാട്, എസ്.സി/എസ്.ടി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി-കാസര്‍ഗോഡ്, മലവേട്ടുവ സമുദായ സംഘം-കാസര്‍ഗോഡ്, ഡി.എസ്സ്.എസ്സ്, കേരള ചേരമര്‍ സംഘം, എന്‍.സി.എച്ച്.ആര്‍.ഒ, പെമ്പിളഒരുമൈ, സോഷ്യല്‍ ലിബറേഷന്‍ ഫ്രണ്ട്, സാംബവര്‍ മഹാസഭ തുടങ്ങിയ സംഘടനകളാണ് ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

Latest Stories