ആര്‍ഭാട വിവാഹം; ഗീതാഗോപി എം.എല്‍.എയോട് വിശദീകരണം തേടി സി.പി.ഐ സംസ്ഥാന കമ്മിറ്റി
Kerala
ആര്‍ഭാട വിവാഹം; ഗീതാഗോപി എം.എല്‍.എയോട് വിശദീകരണം തേടി സി.പി.ഐ സംസ്ഥാന കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th June 2017, 10:02 am

തൃശൂര്‍: ആര്‍ഭാട വിവാഹം നടത്തിയ പേരില്‍ വിവാദത്തിലായ നാട്ടിക എം.എല്‍.എ ഗീത ഗോപിയോട് വിശദീകരണം തേടി സി.പി.ഐ സംസ്ഥാന കമ്മിറ്റി. പാര്‍ട്ടി ജില്ലാ കമ്മിറ്റിയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടി റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത്.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ പൂന്താനം ഹാളില്‍ തിങ്കളാഴ്ചയാണ് ഗീതാഗോപിയുടെ മകള്‍ ശില്‍പ്പയുടെ വിവാഹം നടന്നത്.

മകള്‍ സര്‍വാഭരണ വിഭൂഷിതയായി നില്‍ക്കുന്ന വിവാഹ ഫോട്ടോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് ചര്‍ച്ചകളും വിവാദങ്ങളും ആരംഭിക്കുന്നത്. 95,000 രൂപയോളം വാടകയുളള ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം.

ദേവസ്വം ഓഡിറ്റോറിയത്തില്‍ സസ്യേതര ഭക്ഷണം വിളമ്പാന്‍ കഴിയാത്തത് മൂലം തലേന്നാള്‍ മറ്റൊരു ആഡംബര ഓഡിറ്റോറിയത്തിലും വിരുന്ന് നടന്നിരുന്നു. ഈ വിരുന്ന് സല്‍ക്കാരവും വിവാദമായിട്ടുണ്ട്.

ഗുരുവായൂര്‍ ദേവസ്വത്തിലെ ക്ലാസ് ഫോര്‍ ജീവനക്കാരനാണ് എം.എല്‍.എയുടെ ഭര്‍ത്താവ്. ഈ മാസം പത്തിനു ചേരുന്ന സി.പി.ഐ ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയും ആര്‍ഭാട വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും നിരവധി നേതാക്കള്‍ വിവാഹചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേസമയം തന്റെ മകളുടേത് സാധാരണ വിവാഹം പോലെത്തന്നെയാണ് നടത്തിയതെന്നാണ് ഗീതാഗോപി വ്യക്തമാക്കിയത്.

വിവാഹം പരമാവധി ലളിതമാകണമെന്ന സി.പി.ഐ നിലപാടിന് വിരുദ്ധമായാണ് എം.എല്‍.എ മകളുടെ വിവാഹം നടത്തിയതെന്നാണ് ആക്ഷേപം.

വിവാഹങ്ങളുടെ കാര്യത്തില്‍ മാതൃക സ്വയം സൃഷ്ടിക്കേണ്ടതാണെന്ന് അടുത്തിടെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ആര്‍ഭാട വിവാഹം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട മുല്ലക്കര രത്നാകരന്‍ അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിനായിരുന്നു മുഖ്യമന്ത്രിയുടെ ഈ മറുപടി. സംസ്ഥാനത്ത് നടക്കുന്ന ആര്‍ഭാട വിവാഹങ്ങള്‍ നിയന്ത്രിക്കേണ്ടതുണ്ടെന്നും സ്ത്രീധന നിരോധനം കര്‍ശനമായി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു.

സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ആഢംബര വിവാഹങ്ങളും അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളുമായിരുന്നു മുല്ലക്കര ശ്രദ്ധക്ഷണിക്കല്‍ വിഷമായി അവതരിപ്പിച്ചിരുന്നത്. അന്ന് അതിനെ കയ്യടിച്ച് പിന്തുണച്ച എം.എല്‍.എ കൂടിയായിരുന്നു ഗീതാ ഗോപി.