പാര്‍ട്ടി സ്ഥാനത്ത് നിന്ന് ഗീലാനി രാജിവെച്ചു
World
പാര്‍ട്ടി സ്ഥാനത്ത് നിന്ന് ഗീലാനി രാജിവെച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2013, 8:01 pm

 ലാഹോര്‍: പാക് തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (പി.പി.പി) മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാര്‍ട്ടി ഉപാധ്യക്ഷ പദവിയില്‍നിന്ന് മുന്‍ പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനി രാജിവെച്ചു.[]

അതേസമയം, മോശമായ ഭരണത്തിന്റെ പേരില്‍ വോട്ടര്‍മാര്‍ പാര്‍ട്ടിയെ ശിക്ഷിച്ചുവെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും പാര്‍ട്ടിയെ ജനങ്ങള്‍ ശരിയായി വിലയിരുത്തുമെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചു.

പ്രധാനമന്ത്രി പദത്തിലിരിക്കെ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്കെതിരായ കള്ളപ്പണക്കേസ് അന്വേഷിക്കണമെന്ന ഉത്തരവ് പാലിക്കുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ഗീലാനിയെ കോടതിയലക്ഷ്യ കുറ്റം ചുമത്തി ശിക്ഷിച്ചിരുന്നു. ആറുവര്‍ഷക്കാലത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ അദ്ദേഹത്തിന് വിലക്കും കല്‍പ്പിച്ചിരുന്നു.

കടുത്ത സുരക്ഷാ ഭീഷണികള്‍ ഉയര്‍ന്നതിനാല്‍ ശരിയായ വിധത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ നടത്താന്‍ സാധിക്കാതെ വന്നതാണ് പി.പി.പിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചതെന്ന് മുള്‍ത്താനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഗീലാനി വിശദീകരിച്ചു. തിടുക്കപ്പെട്ട് തെരഞ്ഞെടുപ്പ് നടത്തേണ്ടെന്നായിരുന്നു പാര്‍ട്ടിയിലെ ഭൂരിപക്ഷം പേരുടെയും അഭിപ്രായം. എന്നാല്‍, തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തണമെന്ന വാദത്തില്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഉറച്ചുനില്‍ക്കുകയാണുണ്ടായത്.

നേതൃത്വവുമായി തനിക്ക് ഭിന്നതയൊന്നുമില്ല.എന്നാല്‍, പുതിയ നേതാക്കളെ കണ്ടെത്തുന്നത് പാര്‍ട്ടിക്ക് കൂടുതല്‍ ഗുണംചെയ്യുമെന്ന് വിശ്വസിക്കുന്നു. ദക്ഷിണ പഞ്ചാബ് എന്ന പുതിയ പ്രവിശ്യ രൂപവത്കരിക്കണമെന്ന വാദം മുഖവിലക്കെടുക്കാതിരുന്നതാണ് ആ മേഖലയില്‍ പി.പി.പിയുടെ വോട്ട് ബാങ്കുകള്‍ ശിഥിലമാക്കിയതെന്നും ഗീലാനി വ്യക്തമാക്കി.
പ്രചാരണ വേളയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയ ഗീലാനിയുടെമകന്‍ ഹൈദര്‍ ഗീലാനിയെ സംബന്ധിച്ച് ഇപ്പോഴും വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.