ലോകമെമ്പാടമുള്ള ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയങ്ങളിലൊന്നാണ് മെസിയാണോ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണോ ഏറ്റവും മികച്ച താരം എന്നത്.
ഫുട്‌ബോള്‍ ഇതിഹാസങ്ങളും മുന്‍ താരങ്ങളുമെല്ലാം വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയതാണ്. അര്‍ജന്റൈന്‍ ലെജന്‍ഡ് ഡിഗോ മറഡോണ മെസിയാണ് മികച്ച താരമെന്ന് പറയുമ്പോള്‍ ഇതിഹാസ താരം പെലെ റൊണാള്‍ഡോയെയാണ് തെരഞ്ഞെടുക്കുന്നത്.
ഇപ്പോള്‍ വിഷയത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് മുന്‍ സ്പാനിഷ് താരവും ഇരുവരുടെയുമൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ട താരവുമായ ജെറാര്‍ഡ് പിക്വെ.
മെസിയാണ് ക്രിസ്റ്റ്യാനോയെക്കാള്‍ മികച്ചതെന്നാണ് പിക്വെ അഭിപ്രായപ്പെടുന്നത്. ടിക് ടോക്കര്‍ ജോണ്‍ നെല്ലിസിനൊപ്പമുള്ള അഭിമുഖത്തിലാണ് പിക്വെ ഇക്കാര്യം പറയുന്നത്.
‘കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ഇരുവരും തമ്മിലുള്ള പോരാട്ടം വളരെ മികച്ചതായിരുന്നു. ഇരു താരങ്ങളും മികച്ച രീതിയില്‍ തന്നെയാണ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ പ്രകടനം കാഴ്ചവെച്ചത്.
കഴിവിന്റെ കാര്യത്തില്‍ മെസി തന്നെയാണ് ഒന്നാമന്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വളരെയധികം കഠിനാധ്വാനം ചെയ്തുവെന്നതും ഒന്നാം സ്ഥാനത്തിന് വേണ്ടി മെസിയുമായി മത്സരിച്ചുവെന്നതും സത്യം തന്നെയാണ്.
പക്ഷേ ഇരുവരുടെയും കരിയര്‍ പരിശോധിക്കുകയാണെങ്കില്‍ റൊണാള്‍ഡോയെക്കാള്‍ മികച്ച താരം മെസിയാണെന്ന് ഞാന്‍ പറയും,’ ഇരുവരുടെയും സഹതാരമായിരുന്ന പിക്വെ പറഞ്ഞു.
2022ല്‍ അര്‍ജന്റീന ഫ്രാന്‍സിനെ തോല്‍പിച്ച് കപ്പുയര്‍ത്തിയപ്പോള്‍ താന്‍ മെസിയെ അഭിനന്ദിച്ചിരുന്നില്ല എന്നും പിക്വെ കൂട്ടിച്ചേര്‍ത്തു.
വിരമിച്ചതിന് ശേഷം കുറച്ചുകാലം ഫുട്ബോളുമായി തനിക്ക് യാതൊരു ബന്ധവും ഇല്ലായിരുന്നുവെന്നും ഇക്കാരണത്താലാണ് മെസിയെ അഭിനന്ദിക്കാതിരുന്നതെന്നും താരം പറയുന്നു.
‘ഒരുപക്ഷേ ഭ്രാന്താണെന്ന് തോന്നും, പക്ഷേ ഇത് സത്യമാണ്. ലോകകപ്പുമായി എനിക്കൊരും ബന്ധവുമില്ലായിരുന്നു, ഞാന്‍ പൂര്‍ണമായി ഡിസ്‌കണക്ട് ചെയ്യപ്പെട്ടു. എന്റെ വിരമിക്കലിന് ശേഷം ഗെയിമില്‍ നിന്നും വിട്ടുനില്‍ക്കേണ്ടത് അത്യാവശ്യമായിരുന്നു. ഫൈനല്‍ ഒഴികെ ലോകകപ്പിലെ ഒറ്റ മത്സരം പോലും ഞാന്‍ കണ്ടിട്ടില്ല, ആ ഫൈനലാകട്ടെ മുഴുവനായും കണ്ടിട്ടുമില്ല,’ പിക്വെ പറഞ്ഞു.
ബാഴ്സലോണയില്‍ പന്ത് തട്ടവെ മെസിക്കൊപ്പം 506 മത്സരത്തിലാണ് താരം കളത്തിലിറങ്ങിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിക്കുമ്പോഴാണ് സ്പാനിഷ് സൂപ്പര്‍ താരം റൊണാള്‍ഡോക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിട്ടത്. 15 മത്സരത്തില്‍ ഇരുവരും ഒന്നിച്ച് കളത്തിലിറങ്ങുകയും ചെയ്തു.
Content Highlight: Geared Pique picks Messi over Ronaldo