| Friday, 5th January 2018, 9:29 pm

ജി.ഡി.പി നിരക്ക് കുറഞ്ഞു; 2017 18 ല്‍ 6.5 ശതമാനമാകുമെന്ന് കണക്കുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രാജ്യത്തിന്റെ 2017-18 വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ച നിരക്ക് കുറയുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 6.5 ശതമാനത്തിലേക്ക് എത്താന്‍ സാദ്ധ്യതയെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക് മന്ത്രാലയം കേന്ദ്ര സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് പറയുന്നത്.

2016-17ല്‍ വളര്‍ച്ചാനിരക്ക് 7.1 ശതമാനമായിരുന്നു. മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആഭ്യന്തര ഉല്‍പാദന വളര്‍ച്ചയിലുണ്ടാകുന്ന ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് അസാധുവാക്കലിന്റെയും ചരക്ക് സേവന നികുതിയുടെയും ഫലമായാണ് വളര്‍ച്ചാനിരക്ക് കുറയാന്‍ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

കാര്‍ഷിക, നിര്‍മ്മാണ മേഖലകളിലെ മാന്ദ്യമാണ് വളര്‍ച്ചാ നിരക്ക് കുറയാനുള്ള കാരണമായി വിലയിരുത്തപ്പെടുന്നത്.

കാര്‍ഷികമേഖലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4.9 ശതമാനം വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്. എന്നാല്‍ 2017-18 കാലയളവില്‍ വെറും 2.1 ശതമാനമാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 7.9 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയ നിര്‍മാണ മേഖലയില്‍ 4.6 ശതമാനം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ.

സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തിലെ ജി.ഡി.പി നിരക്ക് 6.3 ശതമാനമായിരുന്നു. 5.7 ശതമാനമായിരുന്നു ഒന്നാം പാദത്തിലെ ജി.ഡി.പി നിരക്ക്. വാണിജ്യം, ഹോട്ടലുകള്‍, ഗതാഗതം, വാര്‍ത്താവിനിമയം, പ്രക്ഷേപണം, വൈദ്യുതി, ഗ്യാസ്, ജലവിതരണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകള്‍ വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

We use cookies to give you the best possible experience. Learn more