| Tuesday, 11th June 2019, 1:42 pm

യു.പി.എ-എന്‍.ഡി.എ സര്‍ക്കാരുകള്‍ ജി.ഡി.പി വളര്‍ച്ച പെരുപ്പിച്ച് കാണിച്ചു; മുന്‍ സാമ്പത്തിക ഉപദേഷ്ടാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പി.എ, എന്‍.ഡി.എ സര്‍ക്കാറുകള്‍ ജി.ഡി.പി വളര്‍ച്ച പെരുപ്പിച്ച് കാണിച്ചെന്ന് നരേന്ദ്ര മോദിയുടെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം. ജി.ഡി.പി വളര്‍ച്ച 2.5 ശതമാനം വരെ പെരുപ്പിച്ചുകാണിച്ചു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് അരവിന്ദ് സുബ്രഹ്മണ്യം ആരോപണം ഉന്നയിച്ചത്.

2011-12 സാമ്പത്തിക വര്‍ഷത്തില്‍ മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള രണ്ടാം യു.പി.എ സര്‍ക്കാരും, 2016-17 ല്‍ മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാരും ജി.ഡി.പി വളര്‍ച്ച പെരുപ്പിച്ച കണക്കുകളാണ് നല്‍കിയത്. 2011-12, 2016-17 സാമ്പത്തിക വര്‍ഷങ്ങളില്‍ ഏഴ് ശതമാനം വളര്‍ച്ച കൈവരിച്ചെന്നാണ് സര്‍ക്കാറുകള്‍ ഔദ്യോഗികമായി പുറത്തുവിട്ട കണക്ക്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ശരാശരി വളര്‍ച്ച 4.5 ശതമാനമായിരുന്നെന്നും ഇദ്ദേഹം പറയുന്നു.

‘ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നോട്ടുപോകുന്നത് തെറ്റായ സ്പീഡോമീറ്റര്‍ ഉപയോഗിക്കുന്ന വാഹനം പോലെയാണ്. ഇന്ത്യയുടെ യഥാര്‍ഥ ജി.ഡി.പി വളര്‍ച്ച 4.5 ശതമാനം മാത്രമാണ്. ബാങ്കിങ് മേഖലയില്‍ എത്രയും പെട്ടെന്ന് ഇടപെട്ടില്ലെങ്കില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധിക്ക് ആക്കം കൂടും’, അരവിന്ദ് സുബ്രഹ്മണ്യന്‍ പറയുന്നു.

2014 മുതല്‍ 2018 വരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു അരവിന്ദ് സുബ്രഹ്മണ്യന്‍.

പെരുപ്പിച്ച് കാട്ടല്‍ രാഷ്ട്രീയമായ തീരുമാനമായിരുന്നില്ലെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു. ജി.ഡി.പി പെരുപ്പിച്ച് കാണിക്കല്‍ നടത്തിയത് ടെക്നോക്രാറ്റുകളാണ്. രണ്ടാം യു.പി.എ സര്‍ക്കാരിന്റെ കാലത്തായിരുന്നു ഈ ശ്രമം കൂടുതലും നടന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജി.ഡി.പി വളര്‍ച്ച പെരുപ്പിച്ച് കാണിച്ചതിന്റെ ഫലമായാണ് സമാനമായി തൊഴില്‍ മേഖലയില്‍ വളര്‍ച്ചയുണ്ടാകാത്തത്. സാമ്പത്തിക മേഖലയില്‍ നിലനില്‍ക്കുന്ന മുരടിപ്പും ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ-അന്താരാഷ്ട്രവുമായ സാമ്പത്തിക, സ്ഥിതിവിവരകണക്ക് വിദഗ്ധരെ ഉള്‍പ്പെടുത്തി ജി.ഡി.പി കണക്കാക്കുന്ന രീതി പരിഷ്‌കരിക്കണമെന്നും അരവിന്ദ് സുബ്രഹ്മണ്യന്‍ ലേഖത്തില്‍ ്അഭിപ്രായപ്പെട്ടു.

We use cookies to give you the best possible experience. Learn more