| Monday, 16th September 2019, 7:57 pm

ജി.ഡി.പി വളര്‍ച്ച നിരക്ക് പ്രവചിച്ചതിലും മോശം; തുറന്ന് സമ്മതിച്ച് ആര്‍.ബി.ഐ ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലെ (ജി.ഡി.പി) വളര്‍ച്ചാ നിരക്ക് പ്രവചിച്ചതിലും മോശമാണെന്ന് സമ്മതിച്ച് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത മാന്ദ്യം നേരിടുന്ന സാഹചര്യത്തിലാണ് ആര്‍.ബി.ഐ ഗവര്‍ണറുടെ വെളിപ്പെടുത്തല്‍.

2019- 20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലെ ജി.ഡി.പി വളര്‍ച്ച വെറും 5 ശതമാനം മാത്രമായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ശക്തികാന്ത ദാസ് ഇക്കാര്യം സമ്മതിച്ചത്.

വാര്‍ഷിക വളര്‍ച്ചാ നിരക്ക് അതിന്റെ ലക്ഷ്യം കൈവരിക്കണമെങ്കില്‍ വരും മാസങ്ങളില്‍ ജി.ഡി.പി കൂട്ടണം.
കഴിഞ്ഞ സാമ്പത്തിക നയ സമിതിയില്‍ 2019-20 സാമ്പത്തിക വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ചാനിരക്ക് 6.9 ശതമാനമായിരിക്കുമെന്നാണ് റിസവ് ബാങ്ക് പറഞ്ഞത്.

ഇത് മൂന്നാമത്തെ തവണയാണ് ആര്‍.ബി.ഐ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പുനരവലോകനം നടത്തുന്നത്. ഈ വര്‍ഷം 7.4 ശതമാനം സാമ്പത്തിക വളര്‍ച്ചയുണ്ടാവുമെന്നായിരുന്നു ആര്‍.ബി.ഐയുടെ ആദ്യത്തെ പ്രവചനം. പിന്നീടത് 7.2 ശതമാനമായും 6.9 ശതമാനമായും കുറക്കുകയായിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക് ഓഫീസ് ഏപ്രില്‍-ജൂണ്‍ മാസത്തില്‍ പുറത്തിറക്കിയ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 5.8 വളര്‍ച്ചയുണ്ടായിരുന്ന സമ്പദ് വ്യവസ്ഥ ഒന്നാം പാദത്തില്‍ വെറും 5 ശതമാനം വളര്‍ച്ച മാത്രമെ കൈവരിച്ചുള്ളു.
എട്ട് പ്രധാന മേഖലകളിലെ വളര്‍ച്ച ജൂണ്‍ മാസത്തില്‍ 0.2 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 7.3 ശതമാനമായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more