| Friday, 22nd May 2020, 5:10 pm

ഈ സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യ നെഗറ്റീവ് ജി.ഡി.പിയില്‍ ആയിരിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2020-21 വര്‍ഷത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദന വളര്‍ച്ച (ജി.ഡി.പി) നെഗറ്റീവായി തന്നെ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ പ്രവര്‍ത്തനത്തിന്റേയും ആവശ്യകതയുടെയും ക്രമാനുഗതമായ പുനരുജ്ജീവനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഈ സന്ദര്‍ഭത്തില്‍ ആത്മവിശ്വാസം വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്ന് കരുതുന്നതായും ശക്തികാന്തദാസ് പറഞ്ഞു. രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ റിസര്‍വ് ബാങ്ക് റിപ്പോ നിരക്കില്‍ 0.40 ശതമാനം കുറവ് വരുത്തിയിട്ടുണ്ട്.

റിപ്പോ നിരക്ക് കുറയ്ക്കുന്നതില്‍ ധനനയ സമിതി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. വെട്ടിക്കുറക്കലിന് അനുകൂലമായി സമിതി 5:1 വോട്ട് ചെയ്തുവെന്നും ആര്‍.ബി.ഐ ഗവര്‍ണര്‍ പറഞ്ഞു.

വളര്‍ച്ചയ്ക്കുള്ള അപകടസാധ്യത പരിഹരിക്കുന്നതിന് കൂടുതല്‍ വാതിലുകള്‍ തുറക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് അവതരിപ്പിച്ചതിന് പിന്നാലെയാണ് ആര്‍.ബി.ഐ ഗവര്‍ണര്‍ റിപ്പോ നിരക്ക് കുറച്ചുകൊണ്ട് പ്രഖ്യാപനം നടത്തിയത്.

മൊറോട്ടോറിയം മൂന്ന് മാസത്തേക്ക് കൂടി നീട്ടുകയും ചെയ്തിട്ടുണ്ട്. നിരക്ക് കുറച്ചതോടെ ബാങ്കുകള്‍ നല്‍കുന്ന വായ്പയുടെ പലിശയില്‍ കുറവ് വന്നുവെന്നും ഇതിന്റെ മാറ്റങ്ങള്‍ വിപണിയില്‍ കണ്ടു തുടങ്ങിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയറ്റുമതി 30 വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് ഉള്ളതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more