വാഷിങ്ടണ്‍: ഇസ്രഈല്‍ ധനമന്ത്രിയുടെ ഫലസ്തീന്‍ വിരുദ്ധ പരാമര്‍ശത്തിനെതിരെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന് കത്തെഴുതി ജി.സി.സി മന്ത്രിമാര്‍. ഫലസ്തീന്‍ ജനതക്കെതിരായ എല്ലാ നടപടികളെയും പ്രതിരോധിക്കാന്‍ യു.എസ് തയ്യാറാവാണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് ജി.സി.സി വിദേശ കാര്യമന്ത്രിമാര്‍ കത്തയച്ചിരിക്കുന്നത്.
ഇസ്രഈല്‍-ഫലസ്തീന്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ അമേരിക്കയുടെ നേതൃത്വത്തില്‍ ലോക രാഷ്ട്രങ്ങള്‍ തയ്യാറാവണമെന്നും കത്തില്‍ ആവശ്യപ്പെട്ടതായും അല്‍ അറേബ്യ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇസ്രഈലിലെ തീവ്ര വലതുപക്ഷ നേതാവും നെതന്യാഹു മന്ത്രിസഭയിലെ ധനകാര്യമന്ത്രിയുമായ ബെസലല്‍ സ്‌മോട്രിച്ച് നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചക്ക് വഴിവെച്ചിരുന്നു. ഫലസ്തീന്‍ ജനതയുടെ അസ്ഥിത്വത്തെ ചോദ്യം ചെയ്തുകൊണ്ട് അങ്ങനെയൊരു ജനവിഭാഗം തന്നെ നിലവിലില്ലെന്നാണ് സ്‌മോട്രിച്ച് പറഞ്ഞത്.
ഇതിനെതിരെ അറബ് രാജ്യങ്ങള്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ അമേരിക്കയുടെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് അറബ് രാജ്യങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്.
ഇതിനോടകം സ്‌മോട്രിച്ചിന്റെ പ്രസ്താവനയെ അപലപിച്ച് യു.എസ് രംഗത്തെത്തിയിട്ടുണ്ട്. പരാമര്‍ശത്തെ അത്യന്തം അപകടകരമെന്ന് വിശേഷിപ്പിച്ച യു.എസ് മേഖലയിലെ സമാധാനത്തിന് ഭീഷണിയുയര്‍ത്തുന്ന പ്രസ്താവനകള്‍ ഇരു രാജ്യങ്ങള്‍ക്കും നല്ലതല്ലെന്നും അഭിപ്രായപ്പെട്ടു.
മുമ്പും പ്രകോപനപരമായ പരാമര്‍ശങ്ങള്‍ ഇസ്രഈല്‍ ധനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. രണ്ട് ഇസ്രഈല്‍ പൗരന്മാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപത്തിനിടെ ഫലസ്തീനിലെ ഹുവാര നഗരം പൂര്‍ണമായി ഒഴിപ്പിക്കുമെന്ന് സ്‌മോട്രിച്ച് ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ നൂറ് കണക്കിന് ഫലസ്തീന്‍ വീടുകളാണ് ഹുവാരയിസല്‍ തകര്‍ക്കപ്പെട്ടത്.
Content Highlight: gcc ministers write letter to america