പാടുക സൈഗാള്‍...;ഓര്‍മയില്‍ ഒരു ഉമ്പായിരാഗം
Memoir
പാടുക സൈഗാള്‍...;ഓര്‍മയില്‍ ഒരു ഉമ്പായിരാഗം
ടി.പി നസീഫ്‌
Saturday, 1st August 2020, 10:23 pm

താള-വാദ്യ തന്ത്രികളില്‍ നാദത്തിന്റെ പ്രാവുകളെ പറപ്പിച്ച കലാകാരന്‍ ഉസ്താദ് ഹരിനാരായണന്‍ ഒരിക്കല്‍ പറഞ്ഞതുപ്പോലെ ‘പി.എ. ഇബ്രാഹീം എന്ന ഉമ്പായി കേരളത്തിലെ നിഷേധിക്കാന്‍ കഴിയാത്ത ശബ്ദത്തിനുടമയാണ്’.

മധ്യകേരളത്തിന്റെ മഴക്കാലം മുഴുവന്‍ ആ ശബ്ദം ആവാഹിച്ചിരുന്നു. മലയാളിയുടെ ശബ്ദബോധത്തിന്റെ ചില ആദിമസ്വരങ്ങള്‍ അത് തൊട്ടുണര്‍ത്തി.

സ്വതസിദ്ധമായ ആ ശബ്ദ മാധുരി നാം ജോണ്‍ എബ്രഹാമിന്റെ ‘അമ്മ അറിയാന്‍’ എന്ന സിനിമയില്‍ ആദ്യമായി അറിഞ്ഞപ്പോള്‍ ആരായിരുന്നു ആ ശബ്ദത്തിനുടമ എന്ന് മലയാളി തേടി. സിനിമയില്‍ ഉടനീളം ഒരു താരാട്ടുപ്പോലെ വിഷാദ മധുരം എന്ന് വിശേഷിപ്പിക്കാവുന്ന ഭാവരൂപേണേ അത് ചൂഴ്ന്നുനിന്നു.

ഗുല്‍ മുഹമ്മദിന്റെയും മെഹ്ബൂബ് ഭായിയുടെയും ഘരാനയില്‍ നിന്നുള്ള ഒരു സ്വരമാധുരിയായിരുന്നു ഉമ്പായിയുടേത് എന്ന് നാം അറിഞ്ഞു. പഴയ പാട്ടുകള്‍ ഉമ്പായിയുടെ ശബ്ദത്തില്‍ പുതിയ രാഗവ്യാഖ്യാനങ്ങളായി.

നൊമ്പരങ്ങളുടെ കടല്‍ കാറ്റേറ്റ് ആ ശരീരം വിരഹാര്‍ദ്രമായിരുന്നു. മലയാളിയുടെ സംഗീതാസ്വാദനത്തിലേക്ക് ഉമ്പായി സമാന്തരമായൊരു പാലമാണ് പണിതത്. മലയാളത്തിലെ ഗസല്‍ പാരമ്പര്യത്തിന് ഒരു പുത്തനുണര്‍വ് ആ ശബ്ദത്തിനുണ്ടായിരുന്നു.

അങ്ങനെ വാടകയ്‌ക്കൊരു മുറിയെടുത്ത വടക്കന്‍ തെന്നലായി, മലയാളത്തിന്റെ സൈഗാളായി ഉമ്പായി മാറി.

വ്യാപാരവും, കൊളോണിയല്‍ സാന്നിധ്യങ്ങളും സമ്പന്നവും സങ്കീര്‍ണ്ണവുമാക്കിയ ഇടനാഴികളുടെ പ്രതിധ്വനികള്‍ ഉമ്പായിയുടെ ശബ്ദത്തില്‍ ഒരു മുഴക്കമായി ഉണ്ടായിരുന്നു. ഒരുപക്ഷേ മെഹബൂബ് ഭായിയുടെ അത്തരം ഗാനശീലുകള്‍ ഉമ്പായിയില്‍ സ്വഭാവികമായി എത്തിച്ചേര്‍ന്നതായിരിക്കാം.

മദ്യപാനത്തിന്റെ ഒരു കടല്‍ നീന്തിയെത്തിയ ഗായകനായി, അരാജകമായിരുന്ന ഒരു ഭൂതകാലത്തിന്റെ നൊസ്റ്റാള്‍ജിയ എപ്പോഴും തന്റെ സ്വരത്തില്‍ സൂക്ഷിച്ചുകൊണ്ട് തന്റെ ഭൂതകാലത്ത് നിന്നുള്ള പ്രണയവും, വിഷാദവും, വേദനയും പകരുന്നതായിരുന്നു ഉമ്പായിയുടെ സാന്ത്വന വീചികള്‍.

80-കള്‍ക്ക് ശേഷം മലയാളത്തില്‍ ഉയര്‍ന്നുവന്ന ഗസല്‍ പാരമ്പര്യത്തിന്റെ വഴികള്‍ ഉമ്പായിയില്‍ ലയിച്ചു ചേര്‍ന്നു. നജ്മല്‍ ബാബു തുടങ്ങിവെച്ച മലയാള ഗസല്‍ ഗാനങ്ങളുടെ വേദിയാലാപനം ഉമ്പായിയില്‍ കൂടുതല്‍ വ്യക്തവും ഉള്ളുറപ്പുള്ളതുമായ ഒരു ആലാപന ശൈലിയായി വികസിക്കുന്നത് കാണാം.

കൊച്ചിയും കോഴിക്കോടും തമ്മിലുള്ള ഒരു ബ്ലണ്ടിങ്ങിനും ഉമ്പായി കാരണക്കാരനായി.

താളവാദ്യക്കാരന് താളം പറഞ്ഞു കൊടുത്തു കൊണ്ടാണ് ഉമ്പായി തന്റെ മെഹ്ഫിലുകളാരംഭിച്ചിരുന്നത്. പെര്‍ഫോമിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് അദ്ദേഹം കൊടുക്കുന്ന ആ സ്വാതന്ത്ര്യം ഇന്ത്യയില്‍ മറ്റാരും അനുവദിക്കുന്നതായി ഞാന്‍ എന്റെ സംഗീത അന്വേഷണ വഴികളില്‍ മറ്റെവിടെയും കണ്ടിട്ടില്ല.

ഉമ്പായി എന്നില്‍ ആവേശിതനായ ആ കാലം ഇന്നും എന്റെ ശബ്ദസ്മരണയില്‍ പാടുക സൈഗാളായും വീണ്ടും പാടാം സഖിയായും ഇന്നലെ രാവില്‍ അടര്‍ന്നുവീണ ഒരു ചെറുതാരകമായും നിറഞ്ഞ് നിന്ന്, കരളില്‍ തീ എരിഞ്ഞു, തല മണ്ട പുകഞ്ഞിരുന്നു.

ചെറുപ്പത്തില്‍ നമ്മള്‍ രണ്ടും
മണ്ണുവാരി കളിച്ചപ്പോള്‍
അന്ന് തമ്മില്‍ പറഞ്ഞതും മറന്നു പോയോ...

തുടങ്ങിയ മെഹബൂബ് ഭായ് ഗാനങ്ങളുടെ പുനരാലാപനവും ആവേശിച്ച സമര യൗവ്വനത്തിലൂടെയായിരുന്നു ഞാന്‍ കടന്നു വന്നത്. ‘അമ്മേ അനുപമ സൗന്ദര്യമേ എന്റെ അറിവിന്റെ ആത്മീയ ദര്‍ശനമേ’ എന്ന ഗാനം ഉമ്പായിയുടെ ഭക്തി ഭാവങ്ങളില്‍ ഏറെ ശ്രദ്ധേയമായിരുന്നു.


സുഹൃത്തും ഗുരുവുമായുള്ള ഹരി നാരായണനുമൊത്ത് ഉമ്പായിയും അദ്ദേഹത്തിന്റെ വീടുമായുമൊക്കെയുള്ള സര്‍ഗാത്മക സംഗീത സഹവര്‍തിത്വം അദ്ദേഹത്തിന്റെ മരണം വരെ തുടര്‍ന്നു.

എത്ര സുധാമായമായിരുന്നാ ഗാനം…. അത്രമേല്‍ വേദനയേകിയെന്നില്‍.!

ടി.പി നസീഫ്‌
ഓഡിയോ- വീഡിയോ പ്രൊഡ്യൂസര്‍- മുസിരിസ് ഹെറിറ്റേജ് പ്രൊജക്ട്‌