പ്രശസ്ത ഗസൽ ഗായകനായ പങ്കജ് ഉദാസ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. 73 വയസായിരുന്നു. അദ്ദേഹം മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. ഗായകന്റെ മകളായ നയാബ് ഉദാസ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അച്ഛന്റെ മരണ വിവരം അറിയിച്ചത്. പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങൾ പങ്കജ് നേടിയിട്ടുണ്ട്.
ഫരീദയാണ് പങ്കജ് ഉദാസിന്റെ ഭാര്യ. ‘നാം’ എന്ന ബോളിവുഡ് ചിത്രത്തിലെ ‘ചിട്ടി ആയി ഹേ വതൻ’ എന്ന ഗാനത്തിലൂടെ 1986ലാണ് പങ്കജ് ഗായകൻ എന്ന നിലയിൽ സിനിമയിൽ അറിയപ്പെടുന്നത്. ബോളിവുഡിലെ ഒട്ടുമിക്ക മെലഡി ഗാനങ്ങളും പങ്കജിന്റെ സംഭാവനയാണ്.
1951ൽ ഗുജറാത്തിലെ ജറ്റ്പുർ എന്ന ഗ്രാമത്തിലാണ് പങ്കജ് ഉദാസ് ജനിച്ചത്. ഏഴു വയസ്സുള്ളപ്പോൾ തന്നെ പാട്ടുപാടാൻ തുടങ്ങിയിരുന്നു. പങ്കജിന് പുറമെ, അദ്ദേഹത്തിന്റെ സഹോദരന്മാരായ മൻഹറും നിർമലും സംഗീതജ്ഞരായിരുന്നു. പ്രശസ്ത ഗായകൻ ഗുലാം അലിയുടെ ശിഷ്യനായിരുന്നു അദ്ദേഹം. ഹിന്ദി, ഉർദു, പഞ്ചാബി, ഗുജറാത്തി, തെലുങ്ക്, മലയാളം ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
1980ലാണ് പങ്കജിന്റെ ആദ്യ ഗസൽ ആൽബം പുറത്തിറങ്ങിയത്. മലയാളം അടക്കം വിവിധ ഭാഷകളിൽ പാടാൻ അവസരങ്ങൾ ലഭിച്ചു. ‘എന്നുമീ സ്വരം’ എന്ന മലയാള ആൽബത്തിൽ അനൂപ് ജലോട്ടക്കൊപ്പം ഉദാസ് പാടിയിട്ടുണ്ട്. ഗസൽ ആലാപാനത്തിന്റെ രജതജൂബിലി പൂർത്തിയാക്കിയ അദ്ദേഹത്തെ 2006ലാണ് കേന്ദ്ര സർക്കാർ പത്മശ്രീ പുരസ്കാരം നൽകി ആദരിച്ചത്.
Content Highlight: Gazal singer Pangaj udas dead