| Friday, 24th November 2023, 8:30 pm

വെടിനിർത്തലിന് ശേഷം രണ്ട് മാസമെങ്കിലും ഗസയിൽ യുദ്ധം തുടരും: ഇസ്രഈൽ പ്രതിരോധമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തെൽ അവീവ്: നാല് ദിവസത്തെ താത്കാലിക വെടിനിർത്തൽ അവസാനിച്ചാൽ ഇസ്രഈലിന്റെ സൈനിക ആക്രമണം ഏറ്റവും കുറഞ്ഞത് രണ്ട് മാസമെങ്കിലും തുടരുമെന്ന് ഇസ്രഈൽ പ്രതിരോധമന്ത്രി യോവ ഗാലന്റ്.

‘വരും ദിവസങ്ങളിൽ ബന്ദികളുടെ ആദ്യഘട്ട മോചനം നിങ്ങൾ കാണും. ഈ ഇടവേള ചെറുതായിരിക്കും. ഈ ഇടവേളയിൽ നമ്മൾ സംഘടിക്കുകയും തയ്യാറാകുകയും അന്വേഷിക്കുകയും വീണ്ടും ആയുധങ്ങൾ എത്തിക്കുകയും സൈനിക നീക്കം തുടരുവാൻ തയ്യാറാവുകയും വേണം.

സൈനിക നീക്കം നമ്മൾ ഇനിയും തുടരും. കാരണം നമുക്ക് പൂർണ വിജയം നേടണം, ബന്ദികളുടെ അടുത്ത സംഘത്തെ തിരിച്ചെത്തിക്കുകയും വേണം. സമ്മർദത്തിലൂടെ മാത്രമേ അവരെ തിരിച്ചെത്തിക്കാൻ സാധിക്കൂ,’ ഗാലന്റ് പറഞ്ഞു.

വിജയം കൈവരിക്കുന്നത് വരെ തങ്ങൾ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രഈൽ സേനയുടെ മേധാവി ലെഫ്റ്റനന്റ് ജനറൽ ഹെർസി ഹലേവിയും പറഞ്ഞിരുന്നു.

ഇസ്രഈലും ഹമാസും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായി ഹമാസ് ബന്ദികളാക്കിയവരിൽ 50 പേരെയെങ്കിലും മോചിപ്പിക്കും. ഇതിന് പകരം ഇസ്രഈലിലെ ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനികളെ മോചിപ്പിക്കും.

വെടിനിർത്തൽ നടപ്പായതോടെ ഗസയിലേക്ക് സഹായങ്ങളെത്തിക്കാനുള്ള ട്രക്കുകൾ റഫ അതിർത്തി വഴി വന്നുതുടങ്ങി.
അതേസമയം, വെടിനിർത്തൽ പ്രഖ്യാപനത്തെ തുടർന്ന് തെക്കൻ ഗസയിൽ നിന്ന് വടക്കിലേക്ക് മടങ്ങിയവരെ ഇസ്രഈൽ സേന തടഞ്ഞതായി റിപ്പോർട്ടുകളുണ്ട്. വടക്കൻ ഗസ ഇപ്പോഴും യുദ്ധഭൂമി തന്നെയാണെന്നും അവിടേക്ക് പ്രവേശനം അനുവദിക്കില്ലെന്നുമാണ് ഇസ്രഈൽ അറിയിക്കുന്നത്.

ഇസ്രഈൽ ഉത്തരവ് മറികടന്ന് വടക്കൻ ഗസയിലെ വീടുകളിലേക്ക് മടങ്ങാൻ ശ്രമിച്ചവരെ ഇസ്രഈൽ സേന പരിക്കേൽപ്പിക്കുകയും രണ്ട് പേരെ കൊലപ്പെടുത്തുകയും ചെയ്തതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു.

CONTENT HIGHLIGHT: Gaza war to continue for at least two more months: Israel Defence Minister

We use cookies to give you the best possible experience. Learn more