| Monday, 6th November 2023, 12:18 pm

ഗസയെ രണ്ടായി മുറിച്ചെന്ന് ഇസ്രഈല്‍ സേന; വാര്‍ത്താവിനിമയ സംവിധാനം പൂര്‍ണമായി വിഛേദിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസ സിറ്റിയെ പൂര്‍ണമായി വളഞ്ഞ് രണ്ടായി മുറിച്ചെന്ന് ഇസ്രഈല്‍ സേന. ഗസയെ വടക്ക്, തെക്ക് എന്നിങ്ങനെ രണ്ട് പ്രദേശങ്ങളായി വിഭജിച്ചുവെന്ന് ഇസ്രഈല്‍ സൈനിക വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു. ആക്രമണത്തിന്റെ സുപ്രധാന ഘട്ടമാണിതെന്നും ഹഗാരി വ്യക്തമാക്കി.

വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ പൂര്‍ണമായി വിഛേദിച്ചുവെന്ന് ഇന്റര്‍നെറ്റ് ആക്സസ് അഡ്വക്കസി ഗ്രൂപ്പായ നെറ്റ് ബ്ലോക്ക്‌സ് ഡോട്ട് ഓര്‍ഗിനെ ( NetBlocks.org ) ഉദ്ധരിച്ച് ഫലസ്തീന്‍ ടെലികോം കമ്പനി അറിയിച്ചു.

വടക്കന്‍ ഗസയില്‍ ഞായറാഴ്ച രാത്രി ശക്തമായ സ്‌ഫോടനം നടന്നതായി ഇസ്രഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 48 മണിക്കൂറിനുള്ളില്‍ ഇസ്രഈല്‍ സൈന്യം ഗസ സിറ്റിയില്‍ പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്രഈല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അടിയന്തര വെടിനിര്‍ത്തലിനായുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ വീണ്ടും നിരസിച്ച ഇസ്രഈല്‍
തങ്ങളുടെ സൈന്യം ഗസ സിറ്റിയെ വിജയകരമായി വളഞ്ഞതായി പ്രസ്താവിക്കുകയായിരുന്നു.

ഇതിനിടെ, ഇസ്രഈല്‍ സന്ദര്‍ശനത്തിനെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വെസ്റ്റ് ബാങ്കില്‍ അപ്രഖ്യാപിത സന്ദര്‍ശനം നടത്തിയിരുന്നു.

ബ്ലിങ്കനുമായുള്ള കൂടിക്കാഴ്ചയില്‍ ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മുഹമ്മദ് അബ്ബാസ് വെടിനിര്‍ത്തലിന് സമ്മര്ദം ചെലുത്തി. ഖത്തര്‍, സൗദി, ഈജിപ്ത്, ജോര്‍ദാന്‍ യു.എ.ഇ തുടങ്ങിയ അറബ് രാജ്യങ്ങളുടെ പ്രതിനിധികളും ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി.

ഗസ മുനമ്പില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന അറബ് നേതാക്കളുടെ ആവശ്യം ബ്ലിങ്കന്‍ നിരസിച്ചു. ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അത് ഹമാസിന് ഗുണം ചെയ്യുമെന്നും സംഘടിച്ച് വീണ്ടും ആക്രമണം ആരംഭിക്കുമെന്നുമാണ് അമേരിക്കയുടെ നിലപാട്.

അവശ്യ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും ഗസയില്‍ നിന്ന് പൗരന്‍മാരെ പുറത്താക്കുന്നതിനും യുദ്ധത്തില്‍ താല്‍കാലിക ഇടവേള വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായി ബ്ലിങ്കന്‍ പറഞ്ഞു.

Content Highlights: Gaza strip cut into two, claims Israeli military

We use cookies to give you the best possible experience. Learn more