| Saturday, 21st October 2023, 1:59 pm

ഗസയില്‍ കോളറയും മറ്റു പകര്‍ച്ചവ്യാധികളും പടരാന്‍ സാധ്യത; മുന്നറിയിപ്പുമായി മനുഷ്യാവകാശ സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രഈല്‍-ഫലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗസയില്‍ പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മനുഷ്യാവകാശ സംഘടനകള്‍.

ഗസയില്‍ അടിയന്തിരമായി മാനുഷിക സഹായം എത്തിക്കണമെന്നും ജല ശുചിത്വ സേവനങ്ങളുടെ തകര്‍ച്ച കോളറയ്ക്കും മറ്റു മാരകപകര്‍ച്ചവ്യാധികള്‍ക്കും കാരണമാകുമെന്നുമാണ് യു.എന്‍. അടക്കമുള്ള വിവിധ ഏജന്‍സികള്‍ പറയുന്നത്.

ഫലസ്തീനുമേല്‍ സമ്പൂര്‍ണ്ണ ഉപരോധം പ്രഖ്യാപിച്ചതിനുശേഷം ഗസയിലേക്കുള്ള ജല പൈപ്പ് ലൈന്‍ ഇസ്രഈല്‍ വിച്ഛേദിച്ചിരുന്നു.
ഇതിനെ തുടര്‍ന്ന് ഗസയിലെ 65 പമ്പിങ് സ്റ്റേഷനുകളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഗസ അധികൃതര്‍ നിര്‍ബന്ധിതരായെന്ന് ഓക്‌സ്ഫാം ചാരിറ്റി സംഘടന പറഞ്ഞതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഓക്‌സ്ഫാം പഠന റിപ്പോര്‍ട്ട് അനുസരിച്ച് സംസ്‌കരിക്കാത്ത മലിനജലം നേരിട്ട് കടലിലേക്ക് തുറന്നു വിടുകയാണ്. വൈദ്യുതി ക്ഷാമം ഉള്ളതുകൊണ്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം പമ്പ് ചെയ്യാന്‍ നഗരസഭകള്‍ക്ക് കഴിയുന്നില്ല. ഗസ പൗരന്മാര്‍ മലിനജലവും കടല്‍ വെള്ളവും കൊണ്ട് മലിനമായ ഉപ്പ് കലര്‍ന്ന ടാപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അല്ലെങ്കില്‍ കടല്‍ വെള്ളം കുടിക്കാനും കാര്‍ഷിക ആവശ്യങ്ങള്‍ക്കുമുള്ള വെള്ളം കുടിക്കാനും ഇവര്‍ നിര്‍ബന്ധിതരാകുന്നു.

നിലവില്‍ ഗസയില്‍ ഒരാള്‍ക്ക് കുടിക്കാനും കഴുകാനും പാചകം ചെയ്യാനും ടോയ്‌ലറ്റ് ഫ്‌ലഷ് ചെയ്യാനും ഉള്‍പ്പെടെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റാന്‍ പ്രതിദിനം മൂന്നു ലിറ്റര്‍ വെള്ളം മാത്രമേ ലഭ്യമാകുന്നുള്ളുവെന്ന് യു .എന്‍ പറഞ്ഞു.
ഇത് ലോകാരോഗ്യ സംഘടന ഒരു വ്യക്തിക്ക് ശുപാര്‍ശ ചെയ്യുന്ന ജല ഉപഭോഗത്തിന്റെ അടിസ്ഥാന അളവില്‍ നിന്നും വളരെ താഴെയാണെന്ന് അല്‍ ജസീറ പറഞ്ഞു.

അടിയന്തിരമായി മാനുഷിക സഹായങ്ങള്‍ ലഭിച്ചില്ലെങ്കില്‍ ഗസയിലെ ജനങ്ങള്‍ കോളറക്കും മാരകമായ ജലജന്യ രോഗങ്ങള്‍ക്കും ഇരയാകുമെന്ന് യു.എന്‍ ഉള്‍പ്പെടെയുള്ള മാനുഷിക സംഘടനകള്‍ ചൂണ്ടിക്കാട്ടി.

‘എന്റെ വീട്ടിലുള്ളവര്‍ക്ക് എല്ലാദിവസവും ഞാന്‍ ഓരോ കുപ്പി വെള്ളം വിതരണം ചെയ്യുകയും പരമാവധി വെള്ളത്തിന്റ ഉപയോഗം നിയന്ത്രിക്കാന്‍ അവരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. തുടക്കത്തില്‍ അവര്‍ ബുദ്ധിമുട്ടിയെങ്കിലും, ഇപ്പോള്‍ ഈ സാഹചര്യവുമായി വീട്ടുകാര്‍ സഹകരിച്ചു തുടങ്ങി’. തെക്കന്‍ ഗസ നഗരമായ ഗാന്‍ യൂനിസില്‍ നിന്നും ഓക്‌സ്‌ഫോമിന്റെ ജല ശുചീകരണ ഉദ്യോഗസ്ഥനായ മുഷ്താഹ പറഞ്ഞു.

‘എന്റെ വീട്ടില്‍ ഏകദേശം 20 കുട്ടികളും ഏഴു മുതിര്‍ന്നവരും അഭയം പ്രാപിച്ചിട്ടുണ്ട്. ഇത്രയധികം ആളുകള്‍ ഉണ്ടായിരുന്നിട്ടും ഞങ്ങള്‍ ദിവസത്തില്‍ രണ്ടുതവണ മാത്രമേ ടോയ്‌ലറ്റ് ഫ്‌ലെഷ് ചെയ്യാറുള്ളൂ. രാവിലെ ഒരുതവണ,രാത്രി ഒരിക്കല്‍. ഞങ്ങള്‍ ഏറ്റവും കുറഞ്ഞ വെള്ളം ഉപയോഗിക്കുന്ന ഭക്ഷണം പാകം ചെയ്യുന്നു. ഞങ്ങള്‍ ഒന്നോ രണ്ടോ തവണ പ്രാര്‍ത്ഥനയ്ക്കായി വെള്ളം ഉപയോഗിക്കുന്നു. ഞങ്ങള്‍ക്ക് കിണറുള്ള ഒരു അയല്‍ക്കാരന്‍ ഉണ്ട് പക്ഷേ വെള്ളം പമ്പ് ചെയ്യാന്‍ അദ്ദേഹത്തിന് വൈദ്യുതിയില്ല. അവര്‍ക്ക് ഒരു ജനറേറ്റര്‍ ഉണ്ട് പക്ഷേ ഇന്ധനമില്ല ‘. അല്‍ ജസീറയോട് ഖാന്‍ യൂനിസില്‍ അഭയാര്‍ത്ഥിയായ ചാരിറ്റി ഇസ്ലാമിക് റിലീസിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു.

Content Highlight: Gaza’s next big threat-cholera ,infactious diseases

We use cookies to give you the best possible experience. Learn more