ഗസ: ഗസയിലെ ഇസ്രഈൽ ആക്രമണം കൂടുതൽ രൂക്ഷമായിക്കൊണ്ടിരിക്കെ, സിവിൽ പ്രതിരോധ സംഘങ്ങൾ കൂടുതൽ പ്രതിസന്ധികളിലേക്ക്.
ഒന്നുകിൽ മൃതദേഹങ്ങൾ കണ്ടെത്താൻ മണിക്കൂറുകൾ ചെലവഴിക്കുക, അല്ലെങ്കിൽ കെട്ടിട അവശിഷ്ടങ്ങളിൽ അകപ്പെട്ടുപോയ മൃതദേഹങ്ങൾ ഉപേക്ഷിച്ച് ജീവനോടെയുള്ളവരെ പുറത്തെത്തിക്കുക എന്നീ രണ്ട് മാർഗങ്ങൾ മാത്രമാണ് അവർക്ക് മുന്നിലുള്ളത്.
ഇസ്രഈലി ആക്രമണത്തിൽ ആയിരക്കണക്കിന് ആളുകൾ മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിക്കുമ്പോൾ നൂറുകണക്കിന് മൃതദേഹങ്ങൾ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങികിടക്കുകയാണെന്ന് സിവിൽ പ്രതിരോധ സംഘം അറിയിക്കുന്നു.
രക്ഷാ ദൗത്യത്തിനുള്ള ഉപകരണങ്ങളുടെ അഭാവവും ദൗത്യ സംഘത്തിനെ ലക്ഷ്യമിട്ടുകൊണ്ടുള്ള തുടർച്ചയായ ആക്രമണങ്ങളും കാരണം മരണപ്പെട്ടവരുടെ മൃതശരീരം കണ്ടെത്തുന്നതിന് പകരം ജീവനോടെയുള്ള ആളുകളെ പുറത്തിറക്കുന്നതിനാണ് മുൻതൂക്കം നൽകുന്നതെന്ന് അവർ പറയുന്നു.
‘ഞങ്ങൾ ചെല്ലുന്നിടത്ത്, അവശിഷ്ടങ്ങൾക്കുള്ളിൽ ജീവനുള്ളവരുണ്ടെന്ന് മനസിലായാൽ ഞങ്ങൾ അവരെ പുറത്തെത്തിക്കുംവരെ അവിടെ കുഴിച്ചുകൊണ്ടിരിക്കും. അതേസമയം, കെട്ടിടാവാശിഷ്ടങ്ങൾക്കുള്ളിൽ അകപ്പെട്ട എല്ലാവരും മരണപ്പെട്ടുവെന്ന് ഉറപ്പായാൽ ഞങ്ങൾ മറ്റൊരിടത്തേക്ക് മാറും.
ഒരേസമയത്ത് തന്നെ പല സ്ഥലങ്ങളിൽ ബോംബാക്രമണം നടക്കും. പത്ത് മിനിട്ടുകൾക്കകം പന്ത്രണ്ടോളം സ്ഥലങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ടാകും. ഞങ്ങൾക്ക് വളരെ കുറഞ്ഞ അംഗങ്ങളും ഉപകരണങ്ങളും മാത്രമാണുള്ളത്.
അതുകൊണ്ട് കൊല്ലപ്പെട്ടവരുടെ ശരീരം പുറത്തെടുക്കാൻ മണിക്കൂറുകളോളം തിരച്ചിൽ നടത്തുന്നതിൽ നിന്നും അവശിഷ്ടങ്ങൾക്കുള്ളിൽ പെട്ട് പരിക്കേറ്റ് കിടക്കുന്നവർ മരണപ്പെടും മുമ്പ് അവരെ രക്ഷിക്കുന്നതിൽ നിന്നും ഞങ്ങൾക്ക് ഒന്ന് തെരഞ്ഞെടുക്കേണ്ടി വരുന്നു,’ സിവിൽ പ്രതിരോധ സംഘത്തിലെ അംഗമായ ഖലീൽ സൈഫാൻ പറഞ്ഞു.
ഇസ്രഈലി അക്രമണത്തിന്റെ തുടക്കം മുതൽ തന്നെ സംഘാംഗങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടക്കുകയാണെന്നും രക്ഷകരിൽ നിന്ന് തങ്ങൾ ഇരകളായി മാറുകയാണെന്നും പ്രതിരോധ സംഘം പറയുന്നു.
കെട്ടിടാവശിഷ്ടങ്ങളിൽ അകപ്പെട്ടുപോയ 1,650 പേരെയെങ്കിലും കണ്ടെത്തിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. 940 കുട്ടികൾ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയിട്ടുണ്ട്.
ഷുജയ്യ പ്രദേശത്ത് മുന്നറിയിപ്പുകളൊന്നും നൽകാതെയാണ് ഇസ്രഈൽ സൈന്യം 12ലധികം കെട്ടിടങ്ങൾ തകർത്തുകളഞ്ഞത്. ഇതോടെ ബന്ധുക്കൾ മുഴുവനും തുടച്ചുനീക്കപ്പെടുകയാണുണ്ടായത്.
ആക്രമണം അവസാനിച്ച ശേഷം മൃതദേഹങ്ങൾ വീണ്ടെടുക്കുമ്പോൾ മരണസംഖ്യ ഇരട്ടിയാകുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
Content Highlight: Gaza’s civil defence forced to leave hundreds of victims under rubble