ജെറുസലേം: ഒക്ടോബര്‍ ഏഴിന് ആരംഭിച്ച ഇസ്രഈല്‍ ആക്രമണത്തിന് പിന്നാലെ ഗസയില്‍ യുദ്ധത്തിന്റെ ബാക്കിയായി അവശേഷിക്കുന്നത് ബോംബ് ഉള്‍പ്പടെ 37 മില്യണ്‍ അവശിഷ്ടങ്ങളാണ്. പൊട്ടാത്ത ബോംബുകള്‍ ഉള്‍പ്പടെ ഗസയില്‍ കുന്നുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 14 വര്‍ഷം സമയമെടുക്കുമെന്നാണ് യു.എന്‍ നല്‍കുന്ന മുന്നറിയിപ്പ്.
യുദ്ധം തുടങ്ങി ഏഴ് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഗസയിലെ ഒരു ചതുരശ്ര മീറ്റര്‍ പരിസരത്ത് 300 കിലോഗ്രാം അവശിഷ്ടങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗസയിലെ പ്രശ്‌നങ്ങള്‍ അഭിസംബബോധന ചെയ്ത് സംസാരിക്കുന്നതിനിടെ യു.എന്‍ മുന്‍ മൈന്‍ ആക്ഷന്‍ സര്‍വീസ് മേധാവി പെഹര്‍ ലോധമറും ഇത് ശരിവെച്ചിരുന്നു.
ഗസയിലെ യുദ്ധ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 14 വര്‍ഷം സമയമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. യുദ്ധം തുടരുന്നതിനാല്‍ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ എത്ര സമയമെടുക്കുമെന്ന് കൃത്യമായി പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗസയിലെ ഓരോ കുടുംബങ്ങളെയും ഇസ്രഈല്‍ സേന പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ്. ഗസയില്‍ ഇസ്രഈല്‍ സൈന്യം തകര്‍ത്ത കെട്ടിടങ്ങളില്‍ 65 ശതമാനവും പാര്‍പ്പിടങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി. തകര്‍ന്ന കെട്ടിടങ്ങളില്‍ സ്ഥാപിച്ച കുഴിബോംബുകള്‍, പൊട്ടാതെ ബാക്കിയായ മറ്റ് ബോംബുകള്‍ എന്നിവയുടെ ഭീഷണി കാരണം കെട്ടിടങ്ങള്‍ വൃത്തിയാക്കാനോ പുനര്‍നിര്‍മ്മിക്കാനോ സാധിക്കുന്നില്ലെന്നും ലോധമര്‍ പറഞ്ഞു.
അതിനിടെ ഗസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ സജീവമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഗസയില്‍ ഇസ്രഈല്‍ സേന കരയുദ്ധം തുടങ്ങാനിരിക്കെയാണ് വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കാന്‍ ശ്രമിക്കുന്നത്.
ആക്രമണം ഫലസ്തീന്‍ പൗരന്മാര്‍ക്ക് മാത്രമല്ല, പ്രാദേശിക സമാധാനത്തിനും സുരക്ഷക്കും വെല്ലുവിളി ആകുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍സിസി പറഞ്ഞു. റഫയില്‍ ഇസ്രഈല്‍ നടത്തുന്ന ആക്രമണം ഈജിപ്തുമായുള്ള ദശാബ്ദങ്ങള്‍ പഴക്കമുള്ള സമാധാന ഉടമ്പടി ലംഘിക്കുമെന്ന് കെയ്‌റോ നേരത്തെ പറഞ്ഞിരുന്നു.
Content Highlight: Gaza’s 37m tonnes of bomb-filled debris could take 14 years to clear, says expert