സംഘര്‍ഷത്തിനിടയില്‍ വാക്‌സിനേഷന്‍ മുടങ്ങി; ഗസയിലെ പത്ത് മാസം പ്രായമുള്ള കുഞ്ഞിന് പോളിയോ സ്ഥിരീകരിച്ചു
ഗസ: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനിടെ രക്തചൊരിച്ചില്‍ അവസാനിക്കാത്ത ഗസയില്‍ പോളിയോ ഭീഷണി പിടിമുറുക്കുന്നു. ഗസയിലെ കുഞ്ഞുങ്ങള്‍ക്ക് പോളിയോ നല്‍കുന്നതിനായി താത്കാലിക വെടിനിര്‍ത്തല്‍ വേണമെന്ന് ഐക്യരാഷ്ട്ര സംഘടന ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗസ ആരോഗ്യമന്ത്രാലയമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്.
25 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഗസയില്‍ പോളിയോ റിപ്പോര്‍ട്ട് ചെയ്യുന്നത്. 10 മാസം പ്രായമുള്ള കുഞ്ഞിനാണ് നിലവില്‍ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഐക്യരാഷ്ട്ര സംഘടനാ മേധാവി അന്റോണിയോ ഗുട്ടറസ് പോളിയോ സംബന്ധിച്ച ആശങ്ക കഴിഞ്ഞ ദിവസം പങ്ക് വെച്ചിരുന്നു. എന്നാല്‍ എല്ലായിടത്തും സംഘര്‍ഷം നടക്കുന്നതിനാല്‍ വാക്‌സിന്‍ നല്‍കുന്നത് വെല്ലുവിളിയാണെന്നും ഗുട്ടറസ് പ്രതികരിച്ചു. നിലവില്‍ 6,40,000 കുട്ടികളാണ് ഗസയില്‍ പോളിയോ വാക്‌സിന്‍ എടുക്കാനായി ബാക്കിയുള്ളത്.
പ്രത്യാഘാതങ്ങളുണ്ടെങ്കിലും പത്ത് വയസ്സിന് താഴെയുള്ള ഗസയിലെ കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കാന്‍ യു.എന്‍ തയ്യാറാണെന്ന് ഗുട്ടറസ് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയില്‍ ഖാന്‍ യൂനുസിന്റെ തെക്ക് ഭാഗത്തും ഡീര്‍ അല്‍ ബലായില്‍ നിന്നും ശേഖരിച്ച അഴുക്കുജലത്തില്‍ രണ്ട് തരത്തിലുള്ള പോളിയോ വൈറസ് വകഭേദങ്ങളെ കണ്ടെത്തിയിരുന്നു. എന്നാല്‍ ഗസയിലെ പോളിയോ ബാധ യു.എന്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഓഗസ്റ്റ് അവസാനവാരത്തില്‍ 1.6 മില്യണ്‍ പോളിയോ വാക്‌സിനുകള്‍ ഗസയില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘ രണ്ട് റൗണ്ടുകളിലായി ഏകദേശം 95% കുട്ടികള്‍ക്ക് വാക്‌സിന്‍ കിട്ടുന്ന രീതിയില്‍ വേണം ഗസയില്‍ വാക്‌സിന്‍ വിതരണം നടപ്പിലാക്കാന്‍. എന്നാല്‍ ഈ യജ്ഞം നടപ്പിലാക്കാന്‍ വാക്‌സിനുകള്‍ ശീതികരിച്ച് സൂക്ഷിക്കാനുള്ള റെഫ്രിജറേറ്റര്‍ സൗകര്യം, പോളിയോ വിദഗ്ദരുടെ സേവനം, ഇന്റര്‍നെറ്റ് ,ഫോണ്‍ സൗകര്യം എന്നിവ ആവശ്യമാണ്,’ഗുട്ടറസ് പ്രതികരിച്ചു.
കൃത്യമായ പ്രതിരോധ സംവിധാനം നടപ്പിലാക്കിയില്ലെങ്കില്‍ വൈറസ് ഗസയില്‍ മുഴുവന്‍ പടര്‍ന്ന് പിടിക്കുമെന്ന് ലോകാര്യോഗ സംഘടന ഡയറക്ടറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയാണ് ഈ രോഗം കൂടുതലായും ബാധിക്കുന്നത്. മരുന്നുകള്‍, ശുചിത്വ പരിപാലന ഉത്പന്നങ്ങളുടെ ലഭ്യതക്കുറവ്, മലിന ജലം, സംസ്‌കരിക്കാത്ത മൃതദേഹങ്ങള്‍ എന്നിവയെല്ലാം രോഗവ്യാപന സാധ്യത കൂട്ടുന്നുണ്ട്. യുദ്ധം ആരംഭിച്ചതോടെ ഗസയിലെ 70 ശതമാനം ഓവുചാലുകളും തകര്‍ന്ന നിലയിലാണ്. ശുദ്ധീകരണ പ്ലാന്റുകള്‍ ഒന്നുപോലും പ്രവര്‍ത്തിക്കുന്നുമില്ല.
അതേസമയം ഗസയിലെ വെടിനിര്‍ത്തലിനായി ദോഹയില്‍ ആരംഭിച്ച ചര്‍ച്ചകളിലെ നിബന്ധനകള്‍ ഹമാസ് നിരസിച്ചു. ഗസയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം പൂര്‍ണമായി പിന്‍വാങ്ങിയില്ലെങ്കില്‍ വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിടില്ലെന്ന് ഹമാസ് അധികൃതര്‍ അറിയിച്ചു.
Content Highlight: Gaza reports first Polio case after 25 years