ഗാസ സിറ്റി: ഇസ്രഈല്‍ വ്യോമാക്രമണങ്ങളില്‍ തകര്‍ക്കപ്പെട്ട പലസ്തീനിലെ ഗാസ മുനമ്പിന്റെ പുനര്‍നിര്‍മാണം ഒക്ടോബറില്‍ ആരംഭിക്കും. ഗാസയുടെ പാര്‍പ്പിട, പൊതുമരാമത്ത് മന്ത്രാലയവും ഗാസ പുനര്‍നിര്‍മാണത്തിന് വേണ്ടിയുള്ള ഖത്തറിന്റെ കമ്മിറ്റിയും മറ്റ് അന്താരാഷ്ട്ര സംഘടനകളും ചേര്‍ന്നാണ് നിര്‍മാണപ്രവര്‍ത്തികള്‍ ആരംഭിക്കുന്നത്.
ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തികള്‍ ഈജിപ്തിന് കീഴില്‍ ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് മന്ത്രാലയം അറിയിച്ചു.
ഒരുപാട് രാജ്യങ്ങള്‍ ഗാസയുടെ പുനര്‍നിര്‍മാണത്തിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും നിര്‍മാണപ്രവര്‍ത്തികള്‍ ഒക്ടോബറില്‍ ആരംഭിക്കുമെന്നും ഗാസയുടെ പൊതുമരാമത്ത് മന്ത്രാലയം അണ്ടര്‍ സെക്രട്ടറി നജി സര്‍ഹന്‍ അല്‍ ജസീറയോട് പറഞ്ഞു.
റെസിഡന്‍ഷ്യല്‍ യൂണിറ്റ്, അടിസ്ഥാനസൗകര്യം, കെട്ടിടങ്ങള്‍ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായായിരിക്കും നിര്‍മാണപ്രവര്‍ത്തികള്‍ നടക്കുക. ”റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ പുനര്‍നിര്‍മിക്കാന്‍ 500 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കി സഹായിക്കാമെന്ന് ഖത്തര്‍ വാക്ക് തന്നിട്ടുണ്ട്. ഈജിപ്തും അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിനും നശിക്കപ്പെട്ട തെരുവുകളുടെ പുനര്‍നിര്‍മാണത്തിനും 500 മില്യണ്‍ ഡോളര്‍ നല്‍കും,” നജി സര്‍ഹന്‍ പറഞ്ഞു.
കുവൈത്ത് സഹായം വാഗ്ദാനം ചെയ്തിരുന്നെങ്കിലും ഔദ്യോഗികമായി കരാറിലെത്തിയിട്ടി ല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
ഇക്കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ഇസ്രഈലിനും പലസ്തീനുമിടയില്‍ 11 ദിവസം നീണ്ടു നിന്ന സംഘര്‍ഷാവസ്ഥ ഉണ്ടായിരുന്നത്. ഇസ്രഈലിന്റെ ആക്രമണങ്ങളില്‍ 66 കുട്ടികളടക്കം 256 പലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു.
കൂടുതല്‍ സഹായങ്ങള്‍ ലഭിക്കുമെന്നും വരും മാസങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തികളില്‍ കൂടുതല്‍ പങ്കാളിത്തമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സര്‍ഹന്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മയായ ജി.സി.സി, യൂറോപ്യന്‍ യൂണിയന്‍ എന്നിവരില്‍ നിന്നും സഹായം പ്രതീക്ഷിക്കുന്നതായാണ് നജി സര്‍ഹന്‍ പറഞ്ഞത്.