ഗാസ: ഇസ്രാഈലിന്റെ ക്രൂരമായ ആക്രമണം തുടരുന്നതിനിടയിലും വ്യത്യസ്തമായ സമരരീതി പരീക്ഷിച്ച് ഫലസ്തീന്‍ യുവാക്കള്‍. ഗാസയില്‍ നാലാഴ്ചയായി തുടര്‍ന്ന് വരുന്ന ഗ്രേറ്റ് റിട്ടേണ്‍ മാര്‍ച്ചിനിടെ അവതാറിലെ നാവി ഗോത്രത്തിന്റെ വേഷത്തില്‍ സമരമുഖത്ത് പ്രത്യക്ഷപ്പെട്ടാണ് യുവാക്കള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
ദേഹത്തും മുഖത്തും നീലനിറം പൂശി നീല വസ്ത്രത്തിലാണ് യുവാക്കള്‍ വെള്ളിയാഴ്ച സമരത്തിലെത്തി ഇസ്രാഈലിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തിയത്.
അധിനിവേശത്തിന് ഇരയാവുന്ന നിസ്സഹായരായ ഗോത്രത്തിന്റെ കഥ പറയുന്ന ഹോളിവുഡ് ചിത്രമാണ് അവതാര്‍. നാവി എന്ന ഗോത്രത്തിന്റെ സ്ഥലത്തേക്ക് ആളും ആയുധങ്ങളുമായി കടന്നു ചെല്ലുകയും വഞ്ചനയിലൂടെ ഗോത്രത്തെ ഇല്ലാതാക്കി അവരുടെ ആവാസ വ്യവസ്ഥ പിടിച്ചെടുക്കുന്നതാണ് അവതാര്‍ ചിത്രത്തിന്റെ പ്രമേയം. ഫലസ്തീന്‍ ഭൂമി ഇസ്രാഈല്‍ സെറ്റില്‍മെന്റിലൂടെ കൈവശപ്പെടുത്തിയതിനെതിരെയാണ് നാവി ഗോത്രത്തിന്റെ വേഷത്തില്‍ യുവാക്കള്‍ സമരത്തിനെത്തിയത്.
അതേസമയം, ഗസയിലെ പ്രതിഷേധത്തെ ക്രൂരമായാണ് ഇസ്രയീല്‍ നേരിടുന്നത്. പുതിയ തരത്തിലുള്ള വെടിയുണ്ടകളും അപകടകരമായ ഗ്യാസ് ബോംബുകളുമാണ് പ്രതിഷേധക്കാര്‍ക്കെതിരെ ഇസ്രാഈല്‍ പ്രയോഗിക്കുന്നത്.
ബട്ടര്‍ഫ്ളൈ ബുള്ളറ്റ് എന്നറിയപ്പെടുന്ന പുതിയ വെടിയുണ്ട ലക്ഷ്യത്തില്‍ കൊണ്ടയുടനെ പൊട്ടിത്തെറിക്കുകയും സാധാരണ വെടിയുണ്ടകളേക്കാള്‍ പലമടങ്ങ് നാശം സൃഷ്ടിക്കുകയും ചെയ്യുന്നവയാണ്. എല്ലുകളെയും ഞരമ്പുകളെയും തകര്‍ത്ത് വെടിയേറ്റ മുറിവിനേക്കാള്‍ വലിയ മുറിവ് മറുവശത്ത് ഉണ്ടാക്കിയാണ് പുതിയ വെടിയുണ്ട കടന്നു പോവുക.
വെടിയേറ്റ അവയവങ്ങള്‍ മിക്കപ്പോഴും മുറിച്ച് മാറ്റേണ്ടി വരുമെന്ന് സമരമുഖത്തുള്ള മെഡിക്കല്‍ വിദഗ്ദര്‍ പറയുന്നു.
പ്രക്ഷോഭകര്‍ക്ക് നേരെ വിഷാംശമുള്ള ഗ്യാസ് ബോംബുകളും ഇസ്രയേല്‍ പ്രയോഗിക്കുന്നതായി ആരോപണമുണ്ട്. മഞ്ഞയും പച്ചയും കലര്‍ന്ന ഗ്യാസ് ബോംബിനിടയില്‍ പെട്ടവര്‍ക്ക് കാലും ശരീരവും വിറയ്ക്കുകയും കിടപ്പിലാവുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ചിലര്‍ക്ക് ഹൃദയമിടിപ്പ് കൂടുകയും മൈഗ്രൈന്‍ അനുഭവപ്പെടുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രയേല്‍ സൈന്യം അജ്ഞാതമായ ഗ്യാസ് ബോംബ് പ്രക്ഷോഭകര്‍ക്ക് നേരെ പ്രയോഗിച്ചെന്ന് ഗാസ ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു. ആക്രമത്തില്‍ നിരവധിപേര്‍ക്ക് ഓര്‍മ്മക്കുറവ്, ഛര്‍ദ്ദി, വിറയല്‍ തുടങ്ങിയ കടുത്ത ലക്ഷങ്ങളുണ്ടായെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
1976 ല്‍ വടക്കന്‍ ഇസ്രയീലില്‍ ഭൂമി അവകാശസമരവുമായി ബന്ധപ്പെട്ടു നടന്ന പ്രക്ഷോഭത്തില്‍ ആറ് അറബ് പൗരന്‍മാര്‍ കൊല്ലപ്പെട്ടതിന്റെ ഓര്‍മപുതുക്കി വര്‍ഷംതോറും നടക്കാറുള്ള “ഭൂമിദിനാ”ചരണത്തിനിടെയുണ്ടായ വെടിവയ്പാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത്.
ഇസ്രായേലിന്റെ അധീനതയിലുള്ള സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോവാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് “ഗ്രേറ്റ് മാര്‍ച്ച് ഓഫ് റീട്ടേണ്‍” എന്ന പേരില് പതിനായിരകണക്കിന് പലസ്തീന് പൗരന്മാര്‍ ഗാസ അതിര്‍ത്തിയിലേക്ക് നീങ്ങിയ മാര്‍ച്ചിന് നേരെ ഇസ്രയേല്‍ ആക്രമണം ആരംഭിക്കുകയായിരുന്നു. മാര്‍ച്ച് 30 ആരംഭിച്ച മാര്‍ച്ചില്‍ ഇസ്രാഈല്‍ വെടിവയ്പ്പില്‍ ഇതുവരെ 41 പേരാണ് കൊല്ലപ്പെട്ടത്. 7000 ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.