| Thursday, 2nd January 2025, 7:15 pm

ഗസ പൊലീസ് മേധാവി ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈല്‍ ആക്രമണത്തില്‍ ഗസ പൊലീസ് മേധാവി കൊല്ലപ്പെട്ടു. ഗസ പൊലീസ് ഡയറക്ടര്‍ മഹ്‌മൂദ് സലാഹ് ആണ് ഖാന്‍ യൂനിസിലെ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തെക്കന്‍ ഗസയിലെ അല്‍ മവാസി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തിലാണ് മഹ്‌മൂദ് സലാഹ് കൊല്ലപ്പെട്ടത്. ഇസ്രഈല്‍ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ച മേഖലയാണ് അല്‍ മവാസി.

ഇന്നലെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ നടന്ന വ്യോമാക്രമണത്തില്‍ പത്ത് പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഗസയിലെ ആരോഗ്യപ്രവര്‍ത്തകരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ ഒമ്പത് സ്ത്രീകളും കുട്ടികളുമുണ്ട്.

തെക്കന്‍ ഗസയിലെ ഹമാസിന്റെ പൊലീസ് തലവനായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിന്റെ മരണം ഇസ്രഈല്‍ സേന സ്ഥിരീകരിച്ചിട്ടുണ്ട്. പൊലീസ് മോധാവിയുടെ സഹായിയായ ഹുസാം മുസ്തഫ ഷവതാനും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ഖാന്‍ യൂനിസിന്റെ ഹ്യൂമാനിറ്റേറിയന്‍ സോണില്‍ സാധാരണക്കാര്‍ക്കിടയില്‍ ഷവതാന്‍ ഒളിച്ചിരിക്കുകയായിരുന്നുവെന്നാണ് ഐ.ഡി.എഫ് നല്‍കുന്ന വിശദീകരണം.

അതേസമയം ഗസയിലെ അതിശൈത്യത്തില്‍ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം എട്ടായി ഉയര്‍ന്നു. അതിശൈത്യത്തിന് പുറമെ പ്രളയവും ഗസയിലെ ജനങ്ങളുടെ ജീവിതം ദുസഹമാക്കി. ഗസ സിറ്റി, ദക്ഷിണ ഖാന്‍ യൂനുസ്, ഡെയ്ര് അല്‍ ബലാഹ് എന്നിവിടങ്ങളിലാണ് വെള്ളം കറിയത്.

അതേസമയം ഗസ മുനമ്പില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രക്ഷാ പ്രവര്‍ത്തകരുടെ എണ്ണം 736 ആയി. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇസ്രഈല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തകരുടെ എണ്ണമാണിത്. ഗസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസ് ആണ് ആ കണക്ക് പുറത്തുവിട്ടത്.

ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, മറ്റേതൊരു വര്‍ഷത്തേക്കാളും 2024 ല്‍ കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മൂന്നില്‍ രണ്ട് പേരും അധിനിവേശ ഫലസ്തീന്‍ പ്രദേശത്ത് വെച്ചാണ് കൊല്ലപ്പെട്ടത്.

Content Highlight: Gaza police chief killed in an Israeli attack

We use cookies to give you the best possible experience. Learn more