World News
'ഞങ്ങളെ നാടുകടത്തില്ല'; ഗസയിലെ ഇരകളുടെ അന്തിമ സന്ദേശങ്ങള്‍
ജെറുസലേം: ഇസ്രഈല്‍ – ഫലസ്തീന്‍ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ അന്തിമ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരിക്കുകയാണ്.
മിഡില്‍ ഈസ്റ്റ് ഐ യുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഫലസ്തീനികള്‍ അവരുടെ ശബ്ദം പുറം ലോകത്തോട് അറിയിക്കാന്‍ എക്‌സ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സാമൂഹ മാധ്യമങ്ങളില്‍ നിരവധി പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിരുന്നു.
എന്നാല്‍ പോസ്റ്റ് ചെയ്ത ആളുകള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതിനു ശേഷവും അവരുടെ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഈ സന്ദേശം തങ്ങളുടെ അവസാനമായിരിക്കുമെന്ന് മുന്നറിയിപ്പോടെയാണ് പലരും തങ്ങളുടെ കഥകള്‍ പോസ്റ്റ് ചെയ്തത്.
ഗസയിലെ സര്‍ക്കാര്‍ മീഡിയ ഓഫീസിലെ മാധ്യമപ്രവര്‍ത്തകനായ ഹെയ്തം ഹരാര നവംബര്‍ മൂന്നിന് ഇസ്രഈല്‍ വ്യമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
അദ്ദേഹത്തിന്റെ അവസാന സന്ദേശങ്ങളിലൊന്ന് എക്‌സില്‍ പ്രസിദ്ധീകരിച്ചിരുന്നു.
‘ ഞങ്ങള്‍ ഇവിടം വിട്ട് പോകില്ല.ഞങ്ങള്‍ നാടുകടത്തപ്പെടുകയുമില്ല.സ്ഥിരത, പ്രതിരോധം എന്നിവയല്ലാതെ മറ്റൊന്നും നിങ്ങള്‍ ഞങ്ങളില്‍ നിന്ന് കാണുകയില്ല. ഇനി അത് പലായനം ആണെങ്കില്‍ അത് നമ്മുടെ അധിനിവേശ ഭൂമിയിലേക്കോ അല്ലെങ്കില്‍ ലോകരക്ഷിതാവായ അല്ലാഹുവിലേക്കോ ആയിരിക്കും,’ അദ്ദേഹം തന്റെ മരണത്തിന് തൊട്ടു മുമ്പുള്ള എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞിരുന്നു.
ഗസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍-ഷിഫ ആശുപത്രിയില്‍ വെച്ചായിരുന്നു ഹരാരയുടെ മരണം. ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ ഗസയിലെ അല്‍ ഖുദ്‌സ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഡോ. അസ്മ അല്‍ അഷ്‌കര്‍ കൊല്ലപ്പെട്ടിരുന്നു.
കൊല്ലപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് അവര്‍ ഒരു സന്ദേശം റെക്കോര്‍ഡ് ചെയ്തിരുന്നു.
‘ ഞങ്ങള്‍ക്ക് നിങ്ങളില്‍ നിന്ന് ഒന്നും ആവശ്യമില്ല (അറബ് രാജ്യങ്ങളോട്). ഇസ്രഈലികള്‍ ഞങ്ങളെ മനുഷ്യമൃഗങ്ങള്‍ എന്ന് വിളിക്കുന്നു, മനുഷ്യത്വത്തെക്കുറിച്ചും ഇസ്രഈലിനെ പ്രതിരോധിക്കുന്നതിനെക്കുറിച്ചും സംസാരിക്കുന്നു, പക്ഷേ ഞങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നില്ല. ഞങ്ങള്‍ ഒന്നിന് പുറമേ ഒന്നായി കൊല്ലപ്പെടുന്നു. ആളുകള്‍ ആയിരക്കണക്കിന് അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു.
രാഷ്ട്രങ്ങള്‍ എവിടെയാണ്? ആരാണ് സഹായിക്കുന്നത്? നമുക്ക് ദൈവം മാത്രമേ ഉള്ളൂ ഒരേ ഒരു ദൈവം മാത്രമാണെന്നും മുഹമ്മദ് അവന്റെ ദൂതന്‍ ആണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. ഞങ്ങളെ ഒറ്റിക്കൊടുത്ത എല്ലാവരെയും ദൈവം കണക്കു ബോധിപ്പിക്കും.
ഇസ്രഈലുമായി സാധാരണ നിലയിലാകുകയും ഞങ്ങളുടെ മുറിവുകള്‍ക്ക് മുകളില്‍ നൃത്തം ചെയ്യുകയും ചെയ്ത എല്ലാവരോടും ഞങ്ങള്‍ ക്ഷമിക്കില്ല,’ ഡോ. അഷ്‌കര്‍ തന്റെ ശബ്ദ റെക്കോര്‍ഡില്‍ പറഞ്ഞു.
മറ്റൊന്ന് കനത്ത ഇസ്രഈലി ബോംബ് ആക്രമണത്തിനിടെ അഹമ്മദ് അല്‍ ഷെഹാബ് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതായിരിക്കും എന്റെ അവസാന വീഡിയോ എന്ന് തുടങ്ങുന്ന പോസ്റ്റിനുശേഷം അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു.
വീഡിയോയിലെ പശ്ചാത്തലത്തില്‍ ബോംബ് ആക്രമണത്തിന്റെ ശബ്ദത്തില്‍ സഹായത്തിനായി ഷഹാബ് അഭ്യര്‍ത്ഥിക്കുന്നത് കാണാം. ഇതാണ് ലോകത്തിലുള്ള എന്റെ സന്ദേശം ഭക്ഷണം, വൈദ്യുതി എന്നിവയില്‍ നിന്ന് ഞങ്ങള്‍ വിച്ചേദിക്കപ്പെട്ടിരിക്കുന്നു.
ഞങ്ങള്‍ക്ക് ഞങ്ങളുടെ വീട്ടില്‍ നിന്ന് പുറത്തു പോകാന്‍ കഴിയില്ല. കാരണം അവര്‍ ഞങ്ങളെ അകത്തുനിന്നും പുറത്തുനിന്നും കൊല്ലുന്നു. അദ്ദേഹം തന്റെ മരണത്തിനു മുമ്പായി പറഞ്ഞു.
കുടുംബ ഗ്രൂപ്പ് ചാറ്റുകളില്‍ അവസാന സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും അതിജീവിച്ചവര്‍ പങ്കിട്ടിട്ടുണ്ടായിരുന്നു. അവിടെ യുദ്ധത്തിന്റെ ഭീകരതയും പ്രിയപ്പെട്ടവര്‍ പങ്കുവെച്ച ആശ്വാസവും കൂടിച്ചേരുന്നുണ്ട്.
‘ഇതായിരുന്നു ഫാമിലി ഗ്രൂപ്പ് ചാറ്റിന്റെ അവസാനം’ എന്ന തലക്കെട്ടോടുകൂടിയുള്ള ഒരു കുടുംബ വാട്‌സ്ആപ്പ് സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട്
ആണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഒക്ടോബര്‍ 22ന് അയച്ച ഗ്രൂപ്പ് ചാറ്റിലെ അവസാന സന്ദേശം ഇങ്ങനെയാണ് ‘എന്റെ പ്രിയപ്പെട്ടവരെ ദൈവം നിങ്ങളോട് കരുണ കാണിക്കട്ടെ’.
നിലവില്‍ ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ 10328 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 4,237 പേരും കുട്ടികളാണ്.
Content Highlight: Gaza people’s last words during war