| Saturday, 13th July 2024, 12:55 pm

ഡൗൺ സിൻഡ്രോം ബാധിച്ച ഫലസ്തീൻ യുവാവിനെ നായയെ വിട്ട് കടിപ്പിച്ച് കൊന്ന് ഇസ്രഈൽ സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: കിഴക്കൻ ഗസ സിറ്റിയിലെ ഷുജയ്യ ഗ്രാമത്തിൽ ഡൗൺ സിൻഡ്രോം ബാധിച്ച യുവാവിന് നേരെ നായയെ വിട്ട് കടിപ്പിച്ച് കൊന്ന് ഇസ്രഈൽ സൈന്യം.

വീട്ടിലേക്ക് നായയുമായെത്തിയ സൈന്യം ആദ്യം വീട്ടുകാരെ മാറ്റിയതിന് ശേഷം യുവാവിന് നേർക്ക് നായയെ അഴിച്ച് വിടുകയായിരുന്നുവെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

‘ആദ്യം നായ്ക്കളെ അയച്ചു, അത് മുഹമ്മദിനെ ആക്രമിക്കുകയും മർദിക്കുകയും ചെയ്തു. പിന്നീട് പ്രത്യേക മുറിയിലേക്ക് കൊണ്ടുപോയ മുഹമ്മദിനെ ഒഴികെ ഞങ്ങളെ എല്ലാവരെയും പട്ടാളക്കാർ വീട്ടിൽ നിന്ന് പുറത്താക്കി.

അവന്റെ നിലവിളികൾ മാത്രമാണ് ഞങ്ങൾക്ക് കേൾക്കാൻ സാധിച്ചത്. പട്ടാളക്കാർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. എത്ര ആലോചിച്ചിട്ടും അവനെ എന്തിനാ അവർ ഉപദ്രവിക്കുന്നതെന്ന് മനസിലാകുന്നില്ല.

അവൻ ഒരുവയസുള്ള കുഞ്ഞിനെ പോലെയാണ്. അവന്റെ ഡയപ്പർ മാറ്റുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും ചെയ്യുന്നത് ഞാൻ ആണ്. അവൻ ഒന്നും സംസാരിക്കാത്ത കുഞ്ഞാണ്. എന്നിട്ടും അവൻ നായയെ കണ്ടപ്പോൾ എന്തൊക്കെയോ ഒച്ച വെച്ച് ഉറക്കെ കരയുന്നുണ്ടായിരുന്നു,’ മുഹമ്മദിന്റെ ഉമ്മ പറഞ്ഞു.

ഇസ്രഈൽ പട്ടാളം ഫലസ്തീനികളോട് ചെയ്യുന്ന ക്രൂരതകളുടെ നിരവധി വാർത്തകളാണ് അവിടെ നിന്നും ദിനംപ്രതി വരുന്നത്. നായ്ക്കളെ അഴിച്ചു വിട്ടു കൊണ്ടുള്ള ആക്രമണത്തിന്റെ ഒരു കേസ് മുമ്പും ഫലസ്തീനിൽ നിന്നും ചെയ്തിരുന്നു.

ഫലസ്‌തീൻ വൃദ്ധക്ക് നേരെ നായയെ അഴിച്ചു വിട്ടു കൊണ്ടുള്ള ക്രൂരതയുടെ വീഡിയോ വ്യാപക വിമർശനങ്ങൾക്ക് കാരണമായിരുന്നു.

പട്ടാളം പിൻവാങ്ങിയതിന് ശേഷം ബുധനാഴ്ചയാണ് മുഹമ്മദിന്റെ കുടുംബം അപ്പാർട്ട്മെൻ്റിലേക്ക് മടങ്ങിയത്. മുഖത്ത് പുഴുക്കൾ തിന്ന് അഴുകിയ നിലയിലാണ് മുഹമ്മദിൻ്റെ മൃതദേഹം കണ്ടെത്തിയത്.

‘ഒരുപാട് തവണ സഹായത്തിനായി കൈനീട്ടി. പക്ഷെ ഇസ്രഈൽ സൈന്യം ഒന്നിനും അനുവദിക്കുന്നില്ലെന്നാണ് റെഡ് ക്രോസ് പറഞ്ഞത്. ഒടുക്കം ഏഴ് നാൾ കഴിഞ്ഞ് അവിടെയെത്തിയപ്പോൾ, ആ മുറിയിലേക്ക് പ്രവേശിച്ചപ്പോൾ അവന്റെ ശരീരം അഴുകിയ നിലയിലായിരുന്നു.

ശരീരത്തിന്റെ അവസ്ഥ നോക്കുമ്പോൾ അവൻ ദിവസങ്ങൾക്ക് മുമ്പാകും മരിച്ചിട്ടുണ്ടാവുക,’ മുഹമ്മദിൻ്റെ ജ്യേഷ്ഠൻ ജെബ്രിലാൽ പറഞ്ഞു.

Content Highlight: Gaza: Palestinian with Down syndrome ‘left to die’ by Israeli soldiers after combat dog attack

We use cookies to give you the best possible experience. Learn more