'ഇസ്രഈൽ മനപ്പൂർവം ആംബുലൻസുകളെയും മെഡിക്കൽ രംഗത്തെയും ലക്ഷ്യമിടുന്നു; അന്താരാഷ്ട്ര ഉടമ്പടികൾ ലംഘിക്കുന്ന യുദ്ധക്കുറ്റം'
ഗസ: ഗസ മുനമ്പിലെ ആംബുലൻസുകളും ആരോഗ്യ കേന്ദ്രങ്ങളും ഇസ്രഈൽ മനപ്പൂർവം ബോംബിട്ട് തകർക്കുന്നതായി ഗസയിലെ മെഡിക്കൽ സംഘടനകളും ഹെൽത്ത് അതോറിറ്റിയും. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിക്കുന്ന യുദ്ധക്കുറ്റമാണിതെന്നും അവർ ആരോപിച്ചു.
അര മണിക്കൂറിനിടയിൽ നാല് മെഡിക്കൽ ജീവനക്കാരെ കൊലപ്പെടുത്തി മനപൂർവം മെഡിക്കൽ ടീമിനെ ലക്ഷ്യം വെക്കുന്ന ഇസ്രഈലി നടപടിയെ അപലപിക്കുന്നതായി ഫലസ്തീൻ റെഡ് ക്രെസെന്റ് സൊസൈറ്റി അറിയിച്ചു.
യുദ്ധ ബാധിത മേഖലയിൽ ആരോഗ്യ സേവനങ്ങളെ സംരക്ഷിക്കുന്ന അന്താരാഷ്ട്ര നിയമങ്ങൾക്കും ഉടമ്പടികൾക്കും വിരുദ്ധമാണ് ആംബുലൻസുകൾക്ക് നേരെയുള്ള ആക്രമണമെന്ന് ഗസയിലെ ആരോഗ്യ മന്ത്രാലയം പറഞ്ഞു.
ഗസയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ ഇതുവരെ 1,200 പേരെങ്കിലും മരണപ്പെട്ടുവെന്നും 5,600ലധികം പൗരന്മാർക്ക് പരിക്കേറ്റെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
15 ആംബുലൻസുകളും ആരോഗ്യ മന്ത്രാലയത്തിന്റെ കെട്ടിടം ഉൾപ്പെടെ ഒമ്പത് ആരോഗ്യ സ്ഥാപനങ്ങളും തകർത്തുവെന്നും മന്ത്രാലയം അറിയിച്ചു.
ഇതുവരെ 16 ആരോഗ്യ ജീവനക്കാർ കൊല്ലപ്പെട്ടെന്നും 18 ആംബുലൻസുകൾ തകർന്നെന്നും എട്ട് മെഡിക്കൽ കേന്ദ്രങ്ങൾ പൂർണമായോ ഭാഗികമായോ തകർന്നെന്നും ഡോക്ടെഴ്സ് വിതൗട്ട് ബോർഡർ അറിയിച്ചു.
ഗസയിലെ അൽശിഫ ആശുപത്രിയിൽ രോഗികളും ബന്ധുക്കളും മാത്രമല്ല, ആശുപത്രി ആക്രമിക്കപ്പെടില്ലെന്ന് പ്രതീക്ഷിച്ച് ഗസ നിവാസികളും അഭയം തേടിയിരിക്കുകയാണെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു.
എന്നാൽ ആശുപത്രിയും ബോംബാക്രമണത്തിൽ ഭാഗികമായി തകർന്നിട്ടുണ്ടെന്ന് മെഡിക്കൽ ജീവനക്കാരെ ഉദ്ധരിച്ചുകൊണ്ട് അൽജസീറ റിപ്പോർട്ട് ചെയ്തു.
മരുന്നുകളുടെയും മറ്റും അഭാവം മൂലം കാര്യങ്ങൾ വഷളാക്കിയിരിക്കുകയാണെന്നും അൽശിഫ ആശുപത്രിയിൽ നാല് ദിവസത്തിനകം ഇന്ധന വിതരണം നിലക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
ഗസയിൽ 9,0000 കാൻസർ രോഗികളുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
Content Highlight: Gaza medics say Israel targeting ambulances, health facilities