| Monday, 4th December 2023, 6:02 pm

ഞങ്ങൾ പങ്കുവെക്കപ്പെടാനുള്ള ഉള്ളടക്കമല്ല, വംശഹത്യ നേരിടുന്ന മനുഷ്യരാണ്; അതിജീവന പ്രതീക്ഷകൾ നഷ്ടപ്പെട്ട് ഗസയിലെ യുവ മാധ്യമപ്രവർത്തകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസ മുനമ്പിൽ ഇസ്രഈൽ ആക്രമണം കടുപ്പിക്കുകയും കരയുദ്ധത്തിനായി കൂടുതൽ സൈനികരെ വിന്യസിക്കുകയും ചെയ്തതിന് പിന്നാലെ അതിജീവനത്തിന്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ട് ഫലസ്തീനി മാധ്യമപ്രവർത്തകർ.

യുദ്ധത്തിന്റെ തീവ്രതയും ഭീകരതയും ആദ്യ ദിവസം തൊട്ട് ജീവൻ പണയം വെച്ചും ലോകത്തിന് മുമ്പിൽ സമൂഹ മാധ്യമങ്ങൾ വഴി ഇവർ അറിയിച്ചുവരികയായിരുന്നു. ഉറ്റവരെ നഷ്ടപ്പെടുന്ന വേദനയിലും ആശയവിനിമയം തടസപ്പെടുന്നതിനിടയിലും അവർ ലോകത്തോട് സംവദിക്കുന്നത് തുടർന്ന് വന്നിരുന്നു.

എന്നാലിപ്പോൾ തങ്ങളെ കണ്ടുകൊണ്ടിരിക്കുന്ന എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാത്ത ലോകജനതയോട് അവസാന സന്ദേശം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയാണ് മാധ്യമപ്രവർത്തകർ.

‘ ജീവൻ പണയം വെച്ചുകൊണ്ട് എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് നിങ്ങൾക്ക് കാണിച്ചു തരുന്ന ഘട്ടം അവസാനിച്ചു. അതിജീവിക്കാൻ ശ്രമിക്കുന്നതിന്റെ ഘട്ടം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.

ഞാൻ ആവശ്യത്തിനുള്ള കാര്യങ്ങൾ കാണിച്ചുകഴിഞ്ഞു. ദൈവത്തിനും ഈ രാജ്യത്തെ സേവിക്കുന്നതിനും വേണ്ടി ഞാനത് ചെയ്തുവെന്ന് ദൈവത്തിന് അറിയാം. ഇപ്പോൾ ഞങ്ങൾ ആഭ്യന്തര ഉപരോധം അഭിമുഖീകരിക്കുകയാണ്.

ഞങ്ങൾക്ക് പുറത്തുപോകാൻ കഴിയില്ല. വടക്കോട്ടായാലും തെക്കോട്ടായാലും. തെക്കിൽ നിന്നും വടക്കിൽ നിന്നും ഇസ്രഈൽ സർക്കാർ മധ്യ പ്രദേശം പിടിച്ചടക്കുകയാണ്. നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതിലുമപ്പുറം ദയനീയമാണ് ഞങ്ങളുടെ അവസ്ഥ.

നിങ്ങൾക്ക് പങ്കുവെക്കാനുള്ള വെറും ഉള്ളടക്കമല്ല ഞങ്ങൾ. വംശീയ ഉന്മൂലനം നേരിടുന്ന മനുഷ്യരാണ്. ജീവനോടെ ഇരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾ, തനിച്ച്,’ ഗസയിൽ പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറായ മോത്താസ് അസൈസ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതിജീവിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് ഗസയിൽ നിന്നുള്ള 25 കാരിയായ ഫിലിംമേക്കർ ബിസാൻ ഔദയും ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

‘ യാഥാർത്ഥ്യത്തോട് വളരെയധികം അടുത്ത പേടിസ്വപ്നങ്ങൾ നേരിടുകയാണ് ഞാൻ. സ്വപ്നമേതാണ് യാഥാർത്ഥ്യമേതാണ് എന്ന് ഇപ്പോൾ എനിക്ക് തിരിച്ചറിയാൻ സാധിക്കുന്നില്ല.

ലോകത്തോടുള്ള എന്റെ സന്ദേശം ഇതാണ്. ഞങ്ങളുടെ ജനങ്ങളെ ഉന്മൂലനം ചെയ്യുന്ന ഇസ്രഈലിനെ പിന്തുണയ്ക്കുന്ന ജനങ്ങളും സർക്കാരുകളും എന്ന നിലയ്ക്ക് ഞങ്ങൾക്ക് സംഭവിക്കുന്നതിൽ നിങ്ങൾ നിഷ്കളങ്കരല്ല.

ഞങ്ങൾ നിങ്ങൾക്ക് പൊറുത്തു തരില്ല. മനുഷ്യത്വം നിങ്ങൾക്ക് പൊറുത്തു തരില്ല. ഞങ്ങൾ ഇത് ഒരിക്കലും മറക്കില്ല. ഞങ്ങൾ മരിച്ചാലും ചരിത്രം ഇതൊന്നും മറക്കില്ല,’ ബിസാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അൽ ജസീറ കറസ്പോണ്ടന്റ് വാഇൽ അൽ ദഹ്ദൂഹിന്റെ മകൻ ഹംസ അൽ ദഹ്ദൂഹ് ലോകത്തിന്റെ വിസംഗതയെ ചോദ്യം ചെയ്തുകൊണ്ട് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.

‘ ഇവിടെ നടക്കുന്നത് കുറ്റകൃത്യം ആണെന്നും ജനങ്ങൾക്ക് നേരെയുള്ള വംശീയ ഉന്മൂലനമാണെന്നും ലോകത്തെ പറഞ്ഞു മനസ്സിലാക്കാൻ 58 ദിവസമായി നടക്കുന്ന കാര്യങ്ങളെല്ലാം ചിത്രീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നിട്ടും ആർക്കുമൊരു അനക്കമില്ല. സ്ഥിരീകരിക്കാൻ ഇനിയും നിങ്ങൾക്ക് മറ്റൊരു 58 ദിവസങ്ങൾ കൂടി വേണോ?’ ഹംസ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

ഇന്ന് തങ്ങളാണെങ്കിൽ നാളെ നിങ്ങൾ ആകാം എന്നാണ് അറബ് ഭരണാധികാരികളോടുള്ള തന്റെ സന്ദേശമെന്ന് ഗസയിലെ ഫോട്ടോ ജേണലിസ്റ്റ് ഇസ്മായിൽ ജൂദ് പറഞ്ഞു.

Content Highlight: Gaza journalists Motaz, Bisan share poignant ‘last messages’

We use cookies to give you the best possible experience. Learn more