| Saturday, 7th October 2023, 12:39 pm

ഇസ്രാഈലിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ഹമാസ്; 5000 റോക്കറ്റുകൾ വർഷിച്ചുവെന്ന് ഹമാസ് വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: ഇസ്രാഈലിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഫലസ്തീന്‍ സംഘടനയായ ഹമാസ്. വടക്കൻ ഇസ്രാഈലിൽ നുഴഞ്ഞുകയറിയ ഹമാസ് തുടർച്ചയായ റോക്കറ്റ് ആക്രമണം നടത്തി. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രാഈലി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

ജറുസലേമിലെ അൽ അക്സ മസ്ജിദിലെ ഇസ്രാഈലിന്റെ തുടർച്ചയായ ആക്രമണങ്ങൾക്ക് മറുപടിയാണ് പുതിയ നീക്കമെന്ന് ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് അറിയിച്ചു. ലോകമെമ്പാടുമുള്ള ഫലസ്തീനികളോട് ഇസ്രാഈലിനെതിരെ പൊരുതുവാൻ ഹമാസ് വക്താവ് മുഹമ്മദ്‌ ദൈഫ് ആഹ്വാനം ചെയ്തു.

ഇസ്രാഈൽ അധിനിവേശം അവസാനിപ്പിക്കാനുള്ള ഏറ്റവും വലിയ യുദ്ധമായിരിക്കും ഇതെന്നും 5,000 റോക്കറ്റുകൾ ഇതിനകം തൊടുത്തുവിട്ടുവെന്നും ദൈഫ് പറഞ്ഞു. ജറുസലേമിലും തൽ അവീവിലുമുൾപ്പെടെ ഇസ്രാഈലിലുടനീളം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഗാസയും ഇസ്രാഈലും തമ്മിലുള്ള സൈനിക അതിർത്തികൾ കടന്ന് ഹമാസ് പ്രവർത്തകർ ഇസ്രാഈലിലെ വിവിധ നഗരങ്ങളിലേക്ക് നുഴഞ്ഞ് കയറിയെന്ന് ഇസ്രാഈലി പത്രം ഹാറെറ്റ്സ് റിപ്പോർട്ട് ചെയ്തു.

റോക്കറ്റ് ആക്രമണം നടത്തിയതിന് പിന്നാലെ ഹമാസ് പ്രവർത്തകർ ട്രക്കുകളിലും പാരാഗ്ലൈഡറുകളിലും ഇസ്രാഈലിൽ എത്തിയെന്ന് അൽജസീറ റിപ്പോർട്ട് ചെയ്തു. തെരുവുകളിൽ തുറന്ന സംഘട്ടനങ്ങൾ നടക്കുന്ന ഫുട്ടേജുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ വീഡിയോയുടെ ആധികാരികത വ്യക്തമല്ലെന്ന് അൽജസീറ പറഞ്ഞു.

Content Highlight: Gaza-Israel war; Huge rocket barrage launched by Hamas

ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനൽ പിന്തുടരുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

We use cookies to give you the best possible experience. Learn more