ജറുസലേം: ഗാസയിൽ ബന്ദികളാക്കിയിട്ടുള്ള ഇസ്രഈൽ ജനതയെ ഓർത്ത് മുതലക്കണ്ണീർ ആരംഭിച്ചുവെന്ന് അമേരിക്കൻ തത്വചിന്തകനും ആക്ടിവിസ്റ്റുമായ നോർമൻ ഫിങ്കൽസ്റ്റീൻ. കഴിഞ്ഞ 20 വർഷമായി ഗാസയിലെ ഒരു മില്യൺ കുട്ടികൾ ഉൾപ്പെടെ 2.1 മില്യൺ ആളുകളെ ഇസ്രഈൽ ബന്ദികളാക്കി വെച്ചിരിക്കുകയാണെന്നും അദ്ദേഹം തന്റെ ബ്ലോഗിൽ കുറിച്ചു.
ലോകത്ത് ജനങ്ങളെ ബന്ദികളാക്കി മാറ്റുന്നത് നിയമവിധേയമാക്കി മാറ്റിയ ഏക രാജ്യം ഇസ്രഈൽ ആണെന്ന് 1997ൽ ഇസ്രഈലി ഹൈക്കോടതി അധ്യക്ഷൻ ആയിരുന്ന അഹരോൺ ബാറക് നടത്തിയ പ്രസ്താവന ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
‘രാജ്യസുരക്ഷക്കായി തടങ്കലിൽ പാർപ്പിക്കുന്നത് നിയമപരമാണ്, തടവുകാരിൽ നിന്ന് രാജ്യസുരക്ഷക്ക് ഭീഷണി ഒന്നുമില്ലെങ്കിൽപോലും. പിടിക്കപ്പെട്ട, കാണാതായ സൈനികരാണ് രാജ്യത്തിന് ഏറ്റവും പ്രധാനം എന്നതിനാൽ അവരുടെ മോചനത്തിനായി മറ്റുള്ളവരെ തടങ്കലിൽ പാർപ്പിക്കാം,’ അഹരോൺ ബാറക്കിനെ ഉദ്ധരിച്ചുകൊണ്ട് ഫിങ്കൽസ്റ്റീൻ പറയുന്നു.
ഈ തീരുമാനം 2000 വരെ റദ്ദാക്കിയിരുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സുരക്ഷാ കാരണങ്ങളുടെ പേരിൽ ഇസ്രഈലി തടവറകളിൽ കഴിയുന്ന 4,500 ഫലസ്തീനികളിൽ ചിലരെ മോചിപ്പിക്കാമെങ്കിൽ ഹമാസ് ബന്ദികളാക്കിയവരെ വിട്ടയച്ചേക്കുമെന്നാണ് ചരിത്രത്തിൽ നിന്ന് മനസ്സിലാക്കാവുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ഇസ്രഈൽ എഴുതിയ പുസ്തകത്തിലെ കളിനിയമങ്ങൾ മാത്രമാണ് ഗാസ കളിക്കുന്നത് എന്നും അദ്ദേഹം തന്റെ ബ്ലോഗിൽ പറയുന്നു.
Content Highlight: Gaza is only playing by the book written by Israel, says Norman Finkelstein