| Thursday, 18th January 2024, 6:27 pm

ഗസയിലെ വീടുകൾ പുനർനിർമിക്കാൻ 15 ബില്യൺ ഡോളറിലധികം വേണം: ഫലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിലെ വീടുകൾ പുനർനിർമിക്കാൻ ഏറ്റവും ചുരുങ്ങിയത് 15 ബില്യൺ ഡോളറെങ്കിലും വേണ്ടി വരുമെന്ന് ഫലസ്തീൻ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ചെയർപേഴ്സൺ മുഹമ്മദ് മുസ്തഫ.

ഹ്രസ്വകാലത്തേക്ക് ഫലസ്തീൻ നേതൃത്വം വെള്ളവും ഭക്ഷണവും ഉൾപ്പെടെയുള്ള മാനുഷിക സഹായങ്ങൾ ലഭ്യമാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്നും ക്രമേണ പുനർനിർമാണത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ലോക സമ്പദ്ഘടനാ ഫോറത്തിൽ മുസ്തഫ പറഞ്ഞു.

ഗസയിലെ യുദ്ധം ഇനിയും തുടരുകയാണെങ്കിൽ യുദ്ധത്തിൽ കൊല്ലപ്പെടുന്നതിനേക്കാൾ കൂടുതൽ ആളുകൾ പട്ടിണി മൂലം മരണപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഗസയിലേക്ക് ഭക്ഷണവും മരുന്നും വെള്ളവും വൈദ്യുതിയും തിരികെ കൊണ്ടുവരിക എന്നതാണ് ആദ്യ ചുവട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗസയിലെ പ്രശ്നങ്ങൾ പണം കൊണ്ട് പരിഹരിക്കാൻ സാധിക്കില്ലെന്നും രാഷ്ട്രീയപരമായ പരിഹാരമാണ് ആവശ്യം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഇപ്പോൾ ഗസയിൽ എന്താണ് സംഭവിക്കുന്നത് എന്ന് നോക്കുമ്പോൾ അത് വളരെ ഭയാനകമാണ്. ഒരു തുള്ളി വെള്ളം ലഭിക്കാൻ ബുദ്ധിമുട്ടുന്നു. അവിടേക്ക് വരുന്ന ട്രക്കിൽ നിന്ന് അല്പം ഭക്ഷണം കണ്ടെത്താനും ആളുകൾ പ്രയാസപ്പെടുന്നു.

അത് വളരെ സങ്കടകരമാണ്. നമ്മൾ ഗസയിലേക്ക് എന്ത് കൊണ്ടുവരികയാണെങ്കിലും ശരിയായ ഒരു സംവിധാനം ആവശ്യമാണ്,’ മുസ്തഫ പറഞ്ഞു.

യുദ്ധത്തെ തുടർന്ന് ഗസയിലെ 23 ലക്ഷം ആളുകളാണ് കുടിയിറക്കപ്പെട്ടത്. ഒക്ടോബർ ഏഴിന് ആരംഭിച്ച ആക്രമണത്തിൽ 24,000ത്തിലധികം ആളുകളാണ് ഗസയിൽ കൊല്ലപ്പെട്ടത്. 61,000ത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു.

CONTENT HIGHLIGHT: Gaza housing reconstruction to cost over $15B: Palestine Investment Fund

We use cookies to give you the best possible experience. Learn more