| Friday, 10th November 2023, 10:36 pm

ഗസയിലെ ആരോഗ്യ കേന്ദ്രങ്ങൾ വളഞ്ഞ് ഇസ്രഈലി കരസേന; അൽ ശിഫ ആശുപത്രിയിലെ ആക്രമണം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഹമാസ് കേന്ദ്രങ്ങളെന്ന് ആരോപിച്ച് ഗസയിലെ ആരോഗ്യ കേന്ദ്രങ്ങളെ വളഞ്ഞ് ഇസ്രഈലി കരസേന. അൽ ശിഫ ആശുപത്രിയിൽ നവംബർ ഒമ്പതിന് രാത്രി ആരംഭിച്ച വ്യോമാക്രമണം തുടരുന്നതിനിടയിൽ 13 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

അൽ നാസർ ആശുപത്രി, സർക്കാർ കണ്ണാശുപത്രി, കുട്ടികളുടെ ക്യാൻസർ ആശുപത്രിയായ അൽ റൻതീസി, മാനസികാരോഗ്യ കേന്ദ്രം എന്നിവയാണ് കരസേന വളഞ്ഞത്.

അൽ ശിഫ ആശുപത്രിക്ക് കീഴിൽ ഹമാസ് താവളമടിച്ചിട്ടുണ്ടെന്നും ഭൂഗർഭ തുരങ്കങ്ങൾ ഉണ്ടെന്നുമാണ് ഇസ്രഈൽ ആരോപിക്കുന്നത്. എന്നാൽ ഹമാസ് ഇത് നിഷേധിച്ചിരുന്നു.

അർധരാത്രിയിൽ വ്യോമാക്രണം നടക്കുമ്പോൾ ആശുപത്രിയുടെ വെളിയിൽ ഉറങ്ങുകയായിരുന്ന കുട്ടികൾ ഉൾപ്പെടെ നിരവധി പേർക്ക് സാരമായി പരിക്കേറ്റതായി റോയിട്ടേഴ്സ്, ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അൽ ശിഫ ആശുപത്രി പരിസരത്ത് 50,000 മുതൽ 60,000 ആളുകൾ അഭയം തേടിയിട്ടുണ്ടെന്ന് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിക്കുന്നു.

അൽ റൻതീസിയുടെ പുറത്ത് ഉണ്ടായിരുന്ന വാഹനങ്ങളും ആക്രമണത്തിൽ പൂർണമായി തകർന്നിട്ടുണ്ട്.

ഗസയിലെ ഇസ്രഈലി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 11,000 കടന്നിരിക്കുകയാണ്. ഇതിൽ 4,500ലധികം കുട്ടികളും ഉൾപ്പെടും.

ദിവസവും നാല് മണിക്കൂർ നേരം താത്കാലിക വെടിനിർത്തലിന് ഇസ്രഈൽ സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചതിന് പിന്നാലെ ഇസ്രഈൽ ഇത് നിഷേധിച്ചിരുന്നു.

Content Highlight: Gaza Hospitals Are Now Surrounded by Israeli Tanks, Palestinian Officials Say

We use cookies to give you the best possible experience. Learn more