ഗസ: ഗസയിലെ കമല്‍ അദ്‌വാന്‍ ആശുപത്രിയില്‍ നിന്ന് ഇസ്രഈല്‍ സൈന്യം അറസ്റ്റ് ചെയ്ത ആശുപത്രി ഡയറക്ടര്‍ അബു സഫിയയെ ഇസ്രഈലിലെ കുപ്രസിദ്ധമായ സ്‌ഡേ ടെയ്മാന്‍ ജയിലിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. ജയിലിലെ മുന്‍ തടവുകാരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്രൂര പീഡനങ്ങളുടേയും കൊലപാതകങ്ങളുടേയും പേരില്‍ കുപ്രസിദ്ധി ആര്‍ജിച്ച ജയിലാണ് സ്‌ഡേ ടെയ്മാന്‍.
വെള്ളിയാഴ്ച്ച ഇസ്രഈല്‍ കമല്‍ അദ്‌വാന്‍ ആശുപത്രിക്ക് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ആശുപത്രി ഡയറക്ടറായ അബു സഫിയയെ ഇസ്രഈല്‍ അറസ്റ്റ് ചെയ്യുന്നത്.
ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകരേയും രോഗികളേയും തോക്കിന്‍ മുനയില്‍ നിര്‍ത്തിയായിരുന്നു ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണം. അറസ്റ്റിന് ശേഷം ആരും തന്നെ അബു സഫിയയെ കണ്ടിട്ടില്ല. അവസാനമായി അദ്ദേഹത്തിന്റെതായി പുറത്തുവന്ന ഫോട്ടോയില്‍ അദ്ദേഹം ഇസ്രഈല്‍ ടാങ്കറുകള്‍ക്ക് നേരെ നടന്നടുക്കുകയായിരുന്നു.
അബു സഫിയ ഹമാസ് പ്രവര്‍ത്തകന്‍ ആണെന്നാരോപിച്ചായിരുന്നു ഇസ്രഈല്‍ സൈന്യത്തിന്റെ അറസ്റ്റ്. എന്നാല്‍ ഇത് തെളിയിക്കുന്ന ഒരു തെളിവുകളും ഇസ്രഈല്‍ പുറത്ത് വിട്ടിട്ടില്ല.
അടുത്തിടെ ഇതേ ജയിലില്‍ നിന്ന് മോചിതനായ ഒരു ഫലസ്തീന്‍ തടവുകാരന്‍ അബു സഫിയയുടെ പേര് ജയിലിനുള്ളില്‍വെച്ച് വായിക്കുന്നത് കേട്ടതായി പറഞ്ഞു, മറ്റൊരാള്‍ അദ്ദേഹത്തെ ജയിലില്‍വെച്ച് മര്‍ദിക്കുന്നതായി കണ്ടതായും വെളിപ്പെടുത്തി.
അതേസമയം ലോകാരോഗ്യ സംഘടനയോട് അബു സഫിയയുടെ മോചനം വേഗത്തിലാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
ശിശുരോഗവിദഗ്ദ്ധനായ അബു സഫിയ ഗസയില്‍ ഇസ്രഈല്‍ സൈന്യം നടത്തുന്ന ആക്രമണങ്ങളുടെ വീഡിയോകളും ഫോട്ടോകളും പലതവണ പങ്കുവെച്ചിരുന്നു. പല തവണ ഗസയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതരെ പ്രതികരിക്കണമെന്ന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ഒക്ടോബര്‍ അവസാനത്തില്‍ അബു സഫിയയുടെ മകന്‍ ഇസ്രഈലി സൈന്യം ആശുപത്രിയില്‍ നടത്തിയ റെയ്ഡിനിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തൊട്ടടുത്ത മാസം ആശുപത്രി സമുച്ചയത്തിന് നേരെ ഇസ്രഈല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ അബു സഫിയയ്ക്കും പരിക്കേറ്റിരുന്നു.
Content Highlight: Gaza hospital chief Abu Safiya shifted to Israel’s notorious Sde Teiman prison, says released detainees