റഫ അതിർത്തി തുറക്കുന്നതും കാത്ത് ഗസയിൽ ചികിത്സക്കായി കാത്തിരിക്കുന്നത് 20,000ത്തിലധികം രോഗികൾ: ആരോഗ്യ മന്ത്രാലയം
World News
റഫ അതിർത്തി തുറക്കുന്നതും കാത്ത് ഗസയിൽ ചികിത്സക്കായി കാത്തിരിക്കുന്നത് 20,000ത്തിലധികം രോഗികൾ: ആരോഗ്യ മന്ത്രാലയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2024, 7:21 am

ജെറുസലേം: ഇസ്രഈൽ സേന പിടിച്ചെടുത്ത റഫ അതിർത്തി തുറക്കുന്നതും കാത്ത് ഗസയിൽ ചികിത്സക്കായി കാത്തിരിക്കുന്നത് 20,000ത്തിലധികം രോഗികൾ. ഫലസ്തീനിലെ ആരോഗ്യ മന്ത്രാലയമാണ് കണക്ക് പുറത്തുവിട്ടത്.

റഫ അതിർത്തി ഇസ്രഈൽ വീണ്ടും കൈവശപ്പെടുത്തിയതിന് ശേഷം ഒരു രോഗിക്കും ഗസയിൽ നിന്ന് പുറത്തേക്ക് പോകാൻ സാധിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് അഷ്‌റഫ്‌ അൽ ഖുദ്ര പ്രസ്താവനയിൽ പറഞ്ഞു.

“ഗസയിലെ സാധാരണക്കാർക്ക് മേൽ ഇസ്രഈൽ അടിച്ചേൽപ്പിക്കുന്ന അധിനിവേശവും ഉപരോധവും യുദ്ധവും കാരണം ക്യാൻസർ, ഹൃദ്രോഗം എന്നിവയാൽ ബുദ്ധിമുട്ടുന്ന 20,000-ത്തിലധികം രോഗികൾ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളാണ് നേരിടുന്നത്. അവർ റഫ അതിർത്തി തുറക്കുന്നതും കാത്ത് ചികിത്സക്കായി കാത്തിരിക്കുകയാണ്,” അഷ്‌റഫ്‌ അൽ ഖുദ്ര പറഞ്ഞു.

ഇത് യുദ്ധക്കുറ്റമാണെന്നും അന്താരാഷ്ട്ര മാനുഷിക നിയമം അനുശാസിക്കുന്ന രോഗികളുടെ ആരോഗ്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു.

ആശുപത്രിക്ക് നേരെയുള്ള ഇസ്രഈൽ സേനയുടെ ആക്രമണം അവയുടെ പ്രവർത്തനങ്ങൾ സ്തംഭിപ്പിച്ചിരിക്കുകയാണെന്നും അഷ്‌റഫ്‌ അൽ ഖുദ്ര പറഞ്ഞു. ഇരകളെ ദുരിതത്തിൽ നിന്നും മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും ആദ്ദേഹം അഭ്യർത്ഥിച്ചു.

അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ സുരക്ഷാ കൗൺസിൽ പ്രമേയം കൊണ്ടുവന്നിട്ടും ഗസക്കെതിരായ ആക്രമണം ഇസ്രഈൽ ഇപ്പോഴും തുടരുകയാണ്. ഇതുവരെ 35,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടന്നാണ് ആരോഗ്യ മന്ത്രാലയം നൽകുന്ന കണക്ക്. കൊല്ലപ്പെട്ടവരിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്.

അതിനിടെ, ആക്രമണം അവസാനിപ്പിക്കണമെന്ന് ലോക കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിട്ടും ഇസ്രഈൽ സേന യുദ്ധം ഇപ്പോഴും തുടരുകയാണ്. ഐ.സി.ജെ ഉത്തരവ് അനുസരിക്കില്ലെന്നാണ് ഇസ്രഈലിന്റെ നിലപാട്. യുദ്ധം അവസാനിപ്പിക്കുന്നതിനോടൊപ്പം റഫ അതിർത്തി തുറക്കണമെന്നും അന്വേഷണ സംഘത്തെ ഗസയിലേക്ക് പ്രവേശിക്കാൻ അനുവദിക്കണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.

Content Highlight: Gaza Health Ministry says 20,000 patients awaiting treatment