ധാക്ക: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ പീഡനങ്ങള്‍ക്കെതിരെ സണ്‍-ഇന്ത്യ സംഘടിപ്പിക്കുന്ന പ്രതിഷേധ കൂട്ടായ്മയുടെ പോസ്റ്ററില്‍ ഇസ്രഈല്‍ ആക്രമണത്തിനിരയായ ഗസയിലെ പെണ്‍കുട്ടി. ഓഗസ്റ്റ് 19ന് നടക്കാനിരിക്കുന്ന പ്രതിഷേധ കൂട്ടായ്മയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പോസ്റ്ററിലാണ് ഫലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ജൂലൈയില്‍ ഗസയിലെ നുസെറാത്ത് ക്യാമ്പില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട കുട്ടിയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പടെയുള്ള വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പെണ്‍കുട്ടിയുടെ ചിത്രം ഉപയോഗിച്ചാണ് സണ്‍-ഇന്ത്യ പോസ്റ്റര്‍ നിര്‍മിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര മാധ്യമമായ അല്‍ ജസീറയാണ് ഈ വീഡിയോ പുറത്തുവിട്ടത്. നുസെറാത്ത് ക്യാമ്പില്‍ ഇസ്രഈലി സൈന്യം നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളതെന്ന് ഇന്‍സ്റ്റഗ്രാമില്‍ അപ്പ്‌ലോഡ് ചെയ്ത പോസ്റ്റില്‍ അല്‍ ജസീറ വ്യക്തമാക്കിയിരുന്നു.
ഇതിനുപിന്നാലെ വീഡിയോയിലെ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം എന്ന പേരില്‍ പ്രചരിക്കപ്പെട്ടിരുന്നു. എന്നാല്‍ നിരവധി ആളുകളാണ് ഈ പ്രചരണത്തെ നിഷേധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. ഈ പശ്ചാത്തലത്തിലാണ് സണ്‍-ഇന്ത്യയും ഫലസ്തീന്‍ പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്തിരിക്കുന്നത്.
ഓഗസ്റ്റ് 19 (തിങ്കളാഴ്ച) വൈകീട്ട് അഞ്ചിന് എറണാകുളം ഹൈക്കോര്‍ട്ട് ജങ്ഷന്‍ വഞ്ചി സ്വകയറിലാണ് സണ്‍-ഇന്ത്യ പരിപാടി സംഘടിപ്പിക്കുന്നത്. ഭാരവാഹികളായ ജയ്‌സണ്‍ ജോണ്‍, എം.പി. ജെയ്‌സണ്‍, രാജന്‍ പി. ടി. എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ നടക്കുക.
‘ബംഗ്ലാദേശില്‍ നിന്നുള്ള ദൃശ്യങ്ങള്‍ മനുഷ്യത്വം നശിക്കാത്ത ഏവരുടെയും ഉറക്കം കെടുത്തുന്നതാണ്. ഇതിനുമുമ്പില്‍ നിസംഗത പാലിക്കുന്നത് മാനവികതാ വിരുദ്ധമായ പ്രവൃത്തിയാണ്,’ എന്ന അടിക്കുറിപ്പോട് കൂടിയാണ് സണ്‍-ഇന്ത്യ പോസ്റ്റര്‍ പങ്കുവെച്ചത്.
അതേസമയം, സ്വാതന്ത്ര്യ സമര സേനാനികളുടെ പിന്‍ഗാമികള്‍ക്ക് 30 ശതമാനം തൊഴില്‍ സംവരണം പുനഃസ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ബംഗ്ലാദേശില്‍ കലാപം പൊട്ടിപുറപ്പെടുന്നത്. പിന്നാലെ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതികരിച്ച് ബംഗ്ലാദേശില്‍ വിദ്യാര്‍ത്ഥികളുടെ പ്രക്ഷോഭം കനക്കുകയായിരുന്നു.
രാജിവെച്ച ശേഷം ഇന്ത്യയിലെത്തി ദല്‍ഹിയിലാണ് ഷെയ്ഖ് ഹസീന അഭയം തേടിയത്. എന്നാല്‍ ഷെയ്ഖ് ഹസീനയുടെ അഭയം ഒരിക്കലും ഇന്ത്യയുമായുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കില്ലെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹൊസെയ്ന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഷെയ്ഖ് ഹസീനയുടെ രാജിക്ക് പിന്നാലെ വ്യാപകമായ അതിക്രമങ്ങളും ആക്രമങ്ങളുമാണ് ബംഗ്ലാദേശില്‍ അരങ്ങേറുന്നത്.
Content Highlight: Gaza girl attacked by Israel in poster of Sun-India joint protest against persecution of minorities in Bangladesh