| Saturday, 4th November 2023, 4:04 pm

ഗസയില്‍ ഒരു ദിവസം രണ്ട് കഷ്ണം റൊട്ടി മാത്രം ഭക്ഷണം; യു.എന്‍.ആര്‍.ഡബ്ലൂ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലെ പൗരന്മാര്‍ ജീവിക്കുന്നത് രണ്ട് കഷ്ണം റൊട്ടിയിലും വളരെ കുറഞ്ഞ അളവില്‍ വെള്ളം കുടിച്ചുമാണെന്ന് ഫലസ്തീനിലെ യു. എന്‍ അഭയാര്‍ത്ഥി ഏജന്‍സി (യു.എന്‍.ആര്‍.ഡബ്ലൂ.എ) മേധാവി.

സംഘടനയുടെ കണക്കനുസരിച്ച് ഗസയില്‍ ഉടനീളം 89 ബേക്കറികളിലായി 1.7 ദശലക്ഷം ആളുകള്‍ക്ക് റൊട്ടി എത്തിക്കാന്‍ ലക്ഷ്യമിടുന്നതായി സംഘടനയുടെ മേധാവി തോമസ് വൈറ്റ് 193 അംഗരാജ്യങ്ങളിലെ നയതന്ത്രജ്ഞരോടായി വീഡിയോയില്‍ പറഞ്ഞു.

‘ഇപ്പോള്‍ ആളുകള്‍ റൊട്ടി തിരയുന്നതിനും അപ്പുറം വെള്ളമാണ് തിരക്കുന്നത്’, അദ്ദേഹം പറഞ്ഞു.

നിലവില്‍ ഗസയില്‍ ഇസ്രഈലില്‍ നിന്നുള്ള മൂന്നു ജലവിതരണ ലൈനുകളില്‍ ഒന്നുമാത്രമാണ് പ്രവര്‍ത്തനക്ഷമമെന്ന് ഫലസ്തീന്‍ പ്രദേശങ്ങളുടെ യു.എന്‍ ഡെപ്യൂട്ടി മിഡ് ഈസ്റ്റ് കോര്‍ഡിനേറ്റര്‍ ലിന്‍ ഹേസ്റ്റിങ്‌സ് പറഞ്ഞു.

‘പലരും ഉപ്പുവെള്ളദത്തെയോ ഉപ്പു കലര്‍ന്ന ഭൂഗര്‍ഭജലത്തെയോ ആണ് ആശ്രയിക്കുന്നത്. ആശുപത്രികള്‍, ജലശുദ്ധീകരണ പ്ലാന്റുകള്‍, ഭക്ഷ്യ ഉല്‍പാദന സൗകര്യങ്ങള്‍, മറ്റ് അവശ്യസേവനങ്ങള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് അത്യാവശ്യമായ ബാക്കപ്പ് ജനറേറ്ററുകള്‍ ഇന്ധനം വിതരണം തീര്‍ന്നതിനാല്‍ ഓരോന്നായി നിലയ്ക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.

ഗസയിലേക്ക് ഇന്ധനം അനുവദിക്കുന്നത് സംബന്ധിച്ച് ഇസ്രഈല്‍, ഈജിപ്ത്, യു.എസ് , യു.എന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അധികാരികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഹ്യൂമാനിറ്റേറിയന്‍ മേധാവി മാര്‍ട്ടിന്‍ ഗ്രിഫ്ത് പറഞ്ഞു.

സ്ഥാപനങ്ങള്‍, ആശുപത്രികള്‍ എന്നിവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് വൈദ്യുതിയും വെള്ളവും വിതരണം ചെയ്യാന്‍ ഇന്ധനം അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞങ്ങള്‍ക്ക് സാധനങ്ങള്‍ വളരെ സുരക്ഷിതമായി തന്നെ ഗസയിലേക്ക് എത്തിക്കണം’, അദ്ദേഹം പറഞ്ഞു.
നിലവില്‍ ഗസയില്‍ ഇസ്രഈല്‍ ആക്രമണത്തില്‍ 9000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

Content Highlight: Gaza facing food shortage

We use cookies to give you the best possible experience. Learn more