ഗസ: ഗസയിൽ പോളിയോ വാക്സിനേഷൻ വൈകിയാൽ കുഞ്ഞുങ്ങളിൽ പോളിയോ പടർന്ന് പിടിക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് യു.എൻ. അതിനാൽ ഫലസ്തീനിൽ ഉടൻ തന്നെ അടിയന്തര വെടിനിർത്തൽ വേണമെന്നും യു.എൻ ആവശ്യപ്പെട്ടു. വാക്സിനേഷൻ ക്യാമ്പയിന്റെ അവസാന ഘട്ടം വൈകിയാൽ, പോളിയോ പടരാനുള്ള സാധ്യത വളരെയധികമാണെന്നും യു.എൻ മുന്നറിയിപ്പ് നൽകി.
വർധിച്ചുവരുന്ന ബോംബ് ആക്രമണങ്ങളെ തുടർന്ന് ഗസയിൽ ബുധനാഴ്ച ആരംഭിക്കാനിരുന്ന പോളിയോ വാക്സിനേഷൻ ക്യാമ്പയിൻ്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ടം, മാറ്റി വെച്ചിരുന്നു. ഇത് ഇനിയും മാറ്റിവെച്ചാൽ കുഞ്ഞുങ്ങളിൽ പോളിയോ പടർന്ന് പിടിക്കുന്നതിന് കാരണമാകുമെന്ന് യു.എൻ പറഞ്ഞു.
കൂടുതൽ കുട്ടികളിൽ പോളിയോ പടർന്ന് പിടിക്കുന്നതിന് മുമ്പ് ക്യാമ്പയിൻ നടത്തേണ്ടതുണ്ടെന്ന് ഫലസ്തീൻ അഭയാർത്ഥികൾക്കായുള്ള യു.എൻ ഏജൻസിയുടെ (യു.എൻ.ആർ.ഡബ്ല്യു.എ) വക്താവ് ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു.
‘ഗാസയിലെ ജനവാസകേന്ദ്രങ്ങളിലേക്കുള്ള ആക്രമണങ്ങൾ ഗസയിലെ ആളുകളുടെ സുരക്ഷയെയും സഞ്ചാരത്തെയും അപകടത്തിലാക്കുന്നത് തുടരുന്നു. ഇത് മൂലം വാക്സിനേഷൻ നടത്താനോ ജങ്ങൾക്ക് ക്യാമ്പുകളിൽ സുരക്ഷിതമായെത്താനോ സാധിക്കുന്നില്ല,’ വാട്ടറിഡ്ജ് പറഞ്ഞു.
ഒക്‌ടോബർ 14ന് പോളിയോ വാക്‌സിനേഷൻ ക്യാമ്പയിന്റെ രണ്ടാം റൗണ്ട് ആരംഭിച്ചത് മുതൽ, ഗസയിൽ 10 വയസ്സിന് താഴെയുള്ള 4,42,855 കുട്ടികൾക്ക് വാക്‌സിനേഷൻ വിജയകരമായി നൽകിയിട്ടുണ്ട്. ഗസയിലുടനീളമുള്ള 1,19,000ത്തിലധികം കുട്ടികൾ ഇനിയും വാക്സിനേഷൻ എടുക്കാനുണ്ട്.
ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 42,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.
ഇസ്രഈലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു. ഒക്‌ടോബർ ഏഴിന് ഹമാസ് തെക്കൻ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രഈൽ യുദ്ധം ആരംഭിച്ചത്.
Content Highlight: Gaza faces risk of polio spreading if vaccination continues to delay: UN