ഗസ: ഇസ്രഈൽ വൈദ്യുതി വിതരണം നിർത്തിയതോടെ ഗസയിലെ ഏക പവർ പ്ലാന്റിലെ ഇന്ധനം മണിക്കൂറുകൾക്കകം അവസാനിക്കുമെന്ന് ഗസയിലെ പവർ അതോറിറ്റി.
ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായ ഗസയിൽ ഏകദേശം 23 ലക്ഷം ആളുകൾ താമസിക്കുന്നുണ്ട്. ഉച്ചയോടെ പവർ പ്ലാന്റ് അടച്ചുപൂട്ടുകയാണെന്ന് ഫലസ്തീൻ എനർജി അതോറിറ്റി ചെയർമാൻ താഫർ മെൽഹം വോയിസ് ഓഫ് ഫലസ്‌തീൻ റേഡിയോയിലൂടെ അറിയിച്ചു.
‘ഗസ മുനമ്പിനെ പൂർണ അന്ധകാരത്തിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. വൈദ്യുതിയെ ആശ്രയിച്ചിരിക്കുന്ന എല്ലാ അടിസ്ഥാന സേവനങ്ങളും തുടരുന്നത് ഇനി മുതൽ അസാധ്യമായി മാറും. റഫ ഗേറ്റിൽ നിന്നുള്ള ഇന്ധന വിതരണം തടഞ്ഞിരിക്കുന്നതിനാൽ ഭാഗികമായി പോലും ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ സാധിക്കില്ല,’ ഗസ അധികാരികൾ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ആധുനിക ചരിത്രത്തിൽ നിരായുധരായ പാവപ്പെട്ട മനുഷ്യരോടുള്ള ഏറ്റവും വലിയ കുറ്റകൃത്യമാണിതെന്ന് പ്രസ്താവനയിൽ പറയുന്നു.
അതേസമയം, ഗസ മുനമ്പിലെ ആശുപത്രികളിലെ ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാനുള്ള ഇന്ധനം വ്യാഴാഴ്ചയോടെ അവസാനിക്കുമെന്നും ആശുപത്രികളിലെ അവസ്ഥ കൂടുതൽ വഷളാകുമെന്നും ആരോഗ്യമന്ത്രി മൈ അൽകൈല അറിയിച്ചു.
ഹമാസ് നടത്തിയ നുഴഞ്ഞുകയറ്റത്തിന് പ്രതികാരമായി ഇസ്രഈൽ ഗസക്ക് മേൽ സമ്പൂർണ ഉപരോധം നടപ്പാക്കിയിരുന്നു. ഇതിനെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച വൈദ്യുതി വിതരണം വിച്ഛേദിക്കുകയായിരുന്നു. ഭക്ഷണം, വെള്ളം, ഗ്യാസ് എന്നിവയുടെ വിതരണവും ഇസ്രഈൽ നിർത്തലാക്കിയിരുന്നു.
CONTENT HIGHLIGHT: Gaza faces ‘humanitarian catastrophe’ as power plant running out of fuel