ഗസയിലെ മരണസംഖ്യ ആരോഗ്യമന്ത്രാലയത്തിന്റെ അനുമാനത്തേക്കാൾ അഞ്ചിരട്ടി; ലാൻസെറ്റ് ലേഖനം
Worldnews
ഗസയിലെ മരണസംഖ്യ ആരോഗ്യമന്ത്രാലയത്തിന്റെ അനുമാനത്തേക്കാൾ അഞ്ചിരട്ടി; ലാൻസെറ്റ് ലേഖനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 10th July 2024, 8:26 am

ഗസ: ഗസയിലെ മരണനിരക്ക് ഫലസ്തീൻ ആരോഗ്യ മന്ത്രാലയത്തിലെ അനുമാനത്തേക്കാൾ അഞ്ചിരട്ടിയെന്ന് ലാൻസെറ്റ് ലേഖനം. ഇസ്രഈൽ- ഹമാസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 37000ത്തോളം ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഫലസ്തീൻ ആരോഗ്യ മന്ത്രാലയം കണക്കാക്കുന്നത്. എന്നാൽ യഥാർത്ഥ മരണസംഖ്യ 1 ,86 ,000 വരെ ആകാമെന്ന് ലാൻസെറ്റ് മെഡിക്കൽ ജേർണലിൽ വന്ന ലേഖനത്തിൽ പറയുന്നു.

2023 ഒക്ടോബർ മുതൽ നടന്ന ആക്രമണത്തിൽ ഫലസ്തീൻ ആരോഗ്യമന്ത്രാലയം പറയുന്ന കണക്കനുസരിച്ച് 37396 പേരാണ് കൊല്ലപ്പെട്ടത്. ഇത് യു.എൻ ഉൾപ്പടെയുള്ളവർ റിപ്പോർട്ട് ചെയ്തിട്ടുമുണ്ട്. ഇസ്രഈൽ അധികാരികൾ ഈ കണക്ക് എതിർത്ത് മുന്നോട്ടെത്തിയിരുന്നു. പക്ഷെ ഇസ്രഈലി രഹസ്യാന്വേഷണ വിഭാഗം ഈ കണക്കുകൾ സ്ഥിരീകരിച്ചിട്ടുമുണ്ട്.

എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഭൂരിഭാഗവും തകർന്നതിനാൽ ഗസ ആരോഗ്യമന്ത്രാലയത്തിന് കൂടുതൽ കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് ലാൻസെറ്റ് പറയുന്നത്. വിശ്വസനീയമായ മാധ്യമ സ്രോതസ്സുകളിൽ നിന്നും അപകടത്തെക്കുറിച്ച് ആദ്യം പ്രതികരിച്ചവരിൽ നിന്നുമുള്ള വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം കണക്കുകൾ കൂടുതൽ കൃത്യതയുള്ളതാക്കണമെന്ന് ലാൻസെറ്റ് പറയുന്നു.

തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങൾ ഫലസ്തീൻ ആരോഗ്യമന്ത്രാലയം പ്രത്യേകമായാണ് റിപ്പോർട്ട് ചെയ്യുന്നത്. 2024 മെയ് 10 വരെ ഉണ്ടായ 35091 മരണങ്ങളിൽ 30 ശതമാനവും തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ഗസയിൽ കൊല്ലപ്പെട്ടവരിൽ തിരിച്ചറിയപ്പെട്ട ഇരകളുടെ പേരുകൾ പോലും ആരോഗ്യമന്ത്രാലയത്തിന്റെ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

കൂടാതെ യു.എൻ കണക്കാക്കുന്നത് ഗസയിലെ 35 ശതമാനം കെട്ടിടങ്ങളും തകർക്കപ്പെട്ടിട്ടുണ്ട് എന്നാണ്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന മൃതദേഹങ്ങളുടെ എണ്ണം ഇപ്പോഴും ആർക്കുമറിയില്ല. ഇത് ഏകദേശം 10000 ത്തിൽ അധികം വരുമെന്നാണ് ലാൻസെറ്റ് പറയുന്നത്.

കൂടാതെ ആക്രമണത്തിൽ നേരിട്ടുള്ള മരണങ്ങളോടെപ്പം തന്നെ പ്രാധാന്യമുള്ളതാണ് പരോക്ഷമായി സംഭവിക്കുന്ന മരണങ്ങളും. സാംക്രമികമായോ അല്ലാതെയോ പകരുന്ന രോഗങ്ങൾ വർധിക്കാനുള്ള സാഹചര്യം ഗാസയിൽ വളരെ കൂടുതലാണ്. അതിനാൽ തന്നെ മൊത്തം കണക്കുകൾ നോക്കുമ്പോൾ മരണസംഖ്യ വളരെ വലുതായിരിക്കും.

അടിസ്ഥാനസൗകര്യങ്ങളോ ഭക്ഷണമോ ശുദ്ധ ജലമോ ലഭിക്കാതെയാണ് ഗസയിലെ ജനങ്ങൾ ഇപ്പോൾ ജീവിക്കുന്നത്.

 

സമീപകാലങ്ങളിൽ നടന്ന സംഘർഷങ്ങളിൽ പരോക്ഷ മരണങ്ങൾ നേരിട്ടുള്ള മരണത്തെക്കാൾ മൂന്ന് മുതൽ 15 ശതമാനം വരെ ഇരട്ടിയാണ്. റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങൾ 37396 ആണെങ്കിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത മരണങ്ങൾ 186000 അല്ലെങ്കിൽ അതിലും കൂടുതൽ ആണെന്നാണ് ലാൻസെറ്റ് പറയുന്നത്. കൃത്യമായ കണക്കുകൾ എടുക്കുക എന്നതും അസാധ്യമാണെന്ന് ലാൻസെറ്റ് പറയുന്നു. നേരിട്ടുള്ള ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുമ്പോൾ തന്നെ ഗസയിൽ പരോക്ഷ കാരണങ്ങളാൽ നാല് പേർ മരണപ്പെടുന്നുവെന്ന തോത് കണക്കാക്കിയാണ് 186000 മരണങ്ങൾ എന്ന കണക്കിലേക്ക് ലാൻസെറ്റ് എത്തിയത്.

Content Highlight: Gaza Death Toll Could Be Five Times Higher Than Health Ministry Estimates, Lancet Article Says