| Friday, 20th October 2023, 10:48 am

ഗസയില്‍ പുരാതന ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഇസ്രഈല്‍ ആക്രമണം; നിരവധി ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ഇസ്രഈല്‍ ആക്രമണം. ഗസ സിറ്റിയില്‍ ഇസ്രഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സെന്റ് പോര്‍ഫിറിയസ് പള്ളി തകര്‍ന്നു. 1600 വര്‍ഷം പഴക്കമുള്ള പള്ളിയാണ് ഇസ്രഈല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നത്.

ക്രിസ്ത്യന്‍പള്ളിക്ക് നേരെയുള്ള ഇസ്രഈല്‍ ആക്രമണത്തില്‍ നിരവധി ഫലസ്തീനി അഭയാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തതായി ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആഭ്യന്തരമന്ത്രാലയം അറിയിച്ചതായി അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീനില്‍ യുദ്ധം രൂക്ഷമായതിനാല്‍ നിരവധി പേരാണ് ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ അഭയം പ്രാപിച്ചത്. ഇത് ആരാധനാലയത്തെ ലക്ഷ്യമിട്ട് മുന്‍കൂട്ടിയുള്ള ആക്രമണമാണെന്ന് ദൃക്‌സാക്ഷികള്‍ എ.എഫ്.പിയോട് പറഞ്ഞു.

ക്രിസ്ത്യന്‍ ആരാധനാലയത്തില്‍ നടന്ന ആക്രമണത്തില്‍ ‘പരിക്കേറ്റവരുടെയും രക്തസാക്ഷികളുടെയും എണ്ണം വര്‍ദ്ധിച്ചു’ എന്ന് ഫലസ്തീന്‍ മന്ത്രാലയം അറിയിച്ചു.

നൂറുകണക്കിനാളുകളുടെ മരണത്തിനും പരിക്കുകള്‍ക്കും കാരണമായ അല്‍ അഹ്ലി ബാപിസ്റ്റ് ആശുപത്രിക്ക് നേരെ ഉണ്ടായ ഇസ്രഈല്‍ ബോംബാക്രമണത്തിന് പിന്നാലെയാണ് ഫലസ്തീനി അഭയാര്‍ത്ഥികളെ ലക്ഷ്യമിട്ടുകൊണ്ട് ക്രിസ്ത്യന്‍ പള്ളിക്ക് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്. അതേസമയം ഗസയില്‍ നേരിട്ട് കരമാര്‍ഗ്ഗമുള്ള ആക്രമണം നടത്തുമെന്ന് ഇസ്രഈല്‍ പ്രതിരോധമന്ത്രി യോഅവ് ഗല്ലന്റ് ഇസ്രഈല്‍ സൈനികരോട് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

1150 നും 1160 നും ഇടയില്‍ നിര്‍മ്മിച്ചതും അഞ്ചാം നൂറ്റാണ്ടിലെ ഗസ ബിഷപ്പിന്റെ പേരിലുള്ളതുമായ സെന്റ് പോര്‍ഫിറിയസ് ചര്‍ച്ച്, ചരിത്രപരമായി ഗസയിലെ ഫലസ്തീനികളുടെ തലമുറകള്‍ക്ക് ഭീതിയുടെ കാലത്ത് ആശ്വാസം നല്‍കിയിട്ടുണ്ട്. ഈ പ്രദേശത്തെ പുരാതനവും വലുതുമായ ആരാധനാലയമാണ് സെന്റ് പോര്‍ഫിറിയോസ് ചര്‍ച്ച്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളിയാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

നിലവില്‍ ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളില്‍ 3785 ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Gaza Church attack

Latest Stories

We use cookies to give you the best possible experience. Learn more