ഗസ: ഇസ്രഈൽ – ഹമാസ് ഉടമ്പടി പ്രകാരം ഗസയിൽ നവംബർ 24ന് (വെള്ളിയാഴ്ച) രാവിലെ ഏഴ് മണി മുതൽ വെടിനിർത്തൽ. ഹമാസ് ബന്ദികളാക്കിയവരിൽ 13 പേരെ വെള്ളിയാഴ്ച മോചിപ്പിക്കും.
മോചിപ്പിക്കുന്ന 13 പേരുടെ വിവരങ്ങൾ ഇസ്രഈലി രഹസ്യാന്വേഷണ സംഘടനയായ മൊസാദിന് കൈമാറിയതായി ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് ബിൻ മുഹമ്മദ് അൻസാരി ദോഹയിലെ മാധ്യമങ്ങളെ അറിയിച്ചു.
മധ്യസ്ഥത വഹിച്ച ഖത്തറും ഹമാസും ഉടമ്പടിയിൽ ഒപ്പുവെക്കാത്തത് കൊണ്ടാണ് ഉടമ്പടി വൈകിയതെന്ന് ഇസ്രഈൽ ഉടമസ്ഥതയിലുള്ള മാധ്യമം കാൻ റിപ്പോർട്ട് ചെയ്തു.
ഹമാസ് ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രഈൽ ജയിലുകളിൽ കഴിയുന്ന 150 ഫലസ്തീനികളെ മോചിപ്പിക്കാനും നാല് ദിവസം വെടിനിർത്തലിനും ഗസയിലേക്ക് സഹായങ്ങൾ എത്തിക്കുവാനുള്ള ട്രക്കുകൾ കടത്തിവിടാനും ധാരണയായി.
ഫലസ്തീൻ ഗ്രൂപ്പുകളിൽ നിന്നുള്ള എല്ലാ അക്രമണങ്ങളും നിർത്തിവെക്കുമെന്ന് ഹമാസ് ടെലിഗ്രാം ചാനൽ വഴി അറിയിച്ചു.
അതേസമയം ഇസ്രഈലും ഹമാസും തമ്മിലുള്ള സ്ഥിരമായ ഉടമ്പടിയാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഖത്തർ അറിയിച്ചു. വെള്ളിയാഴ്ച മോചിപ്പിക്കുന്ന ബന്ദികളിൽ 13 സ്ത്രീകളും കുട്ടികളുമായിരിക്കും ഉൾപ്പെടുകയെന്ന് ഖത്തർ അറിയിച്ചു.