| Sunday, 2nd June 2024, 3:39 pm

'ഗസയിലെ കൂട്ടക്കുരുതി'; ഞങ്ങളുടെ മെഡിക്കല്‍ സ്റ്റാഫുകളെ ഇസ്രഈല്‍ മനഃപൂര്‍വം കൊലപ്പെടുത്തി: ഫലസ്തീന്‍ റെഡ് ക്രസന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രഈല്‍ അക്രമണങ്ങളില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ സ്റ്റാഫുകളുടെ കണക്കുകള്‍ പുറത്തു വിട്ട് ഫലസ്തീന്‍ റെഡ് ക്രസന്റ്. 33 മെഡിക്കല്‍ സ്റ്റാഫുകളെയാണ് ഇസ്രഈല്‍ സൈന്യം വധിച്ചതെന്ന് റെഡ് ക്രസന്റ് വെളിപ്പെടുത്തി.

തെക്കന്‍ നഗരമായ റഫയിലെ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ ഫലസ്തീന്‍ ദുരന്ത നിവാരണ അതോറിറ്റിയിലെ ജീവനക്കാരന്‍ കൊല്ലപ്പെട്ടതായി റെഡ് ക്രസന്റ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

‘ഫലസ്തീന്‍ ദുരന്ത നിവാരണ അതോറിറ്റി ജീവനക്കാരനായ മുഹമ്മദ് ജിഹാദ് അബേദിന്റെ വീടിനു നേരെ ഇസ്രഈല്‍ സൈന്യം ബോബെറിയുകയായിരുന്നു. ആക്രമണത്തില്‍ അദ്ദേഹം കൊല്ലപ്പെട്ടു,’ ഫലസ്തീനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി എക്‌സില്‍ പറഞ്ഞു.

‘ഇസ്രഈല്‍ ആക്രമണത്തിന്റെ തുടക്കം മുതല്‍ കൊല്ലപ്പെട്ട പി.ആര്‍.സി.എസ് അംഗങ്ങളുടെ ആകെ എണ്ണം 33 ആയി. ഇതില്‍ 19 പേര്‍ തങ്ങളുടെ മാനുഷിക ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടെ കൊല്ലപ്പെട്ടവരാണ്,’ പോസ്റ്റില്‍ പറയുന്നു.

ഇസ്രഈല്‍ ഭരണകൂടം ആരോഗ്യ പ്രവര്‍ത്തകരെ മനഃപൂര്‍വം ലക്ഷ്യം വെക്കുകയാണെന്നും പലസ്തീന്‍ റെഡ് ക്രസന്റ് പറഞ്ഞു. താല്‍ അല്‍-സുല്‍ത്താനില്‍ ആംബുലന്‍സിനു നേരെയുണ്ടായ ബോംബാക്രമണത്തില്‍ തങ്ങളുടെ രണ്ടു ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ക്രൂരമായ വംശഹത്യയാണ് ഇസ്രഈല്‍ ഫലസ്തീനില്‍ നടത്തി കൊണ്ടിരിക്കുന്നത്. ഗസയിലെ ഇസ്രഈല്‍ അധിനിവേശത്തിനിടക്ക് കൊല്ലപ്പെട്ടവര്‍ നിരവധിയാണ്. ഇതില്‍ ഒട്ടനേകം ആരോഗ്യപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇസ്രഈലിന്റെ ആക്രമണത്തെ തുടര്‍ന്ന് 55 ആരോഗ്യ കേന്ദ്രങ്ങളും 33 ആശുപത്രികളും അടച്ചു പൂട്ടി.

493 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ഇസ്രഈലിന്റെ ആക്രമണത്തില്‍ ഇതുവരെ ജീവന്‍ നഷ്ടമായത്. ഇസ്രഈല്‍ ഫലസ്തീനെതിരെ നടത്തുന്ന വംശഹത്യയില്‍ 36000 ത്തിലധികം ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്.

Content Highlight: Gaza carnage: Palestinian Red Crescent says 33 of its medical staff killed by Israel

We use cookies to give you the best possible experience. Learn more