| Sunday, 22nd August 2021, 4:26 pm

ഗാസയില്‍ വീണ്ടും സംഘര്‍ഷം; വെടിനിര്‍ത്തല്‍ ലംഘിച്ച് ഇസ്രഈല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാസ: ഇടവേളയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രാഈലിന്റെ ആക്രമണം. 52 വര്‍ഷം മുമ്പ് നടന്ന മസ്ജിദുല്‍ അഖ്‌സ തീവെപ്പിന്റെ ഓര്‍മ പുതുക്കി ഹമാസ് നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 41 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ തലയ്ക്ക് വെടിയേറ്റ ഒരു 13 വയസുകാരനും ഉള്‍പ്പെട്ടിട്ടുള്ളതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഒരു ഇസ്രഈല്‍ സൈനികനും പരിക്കേറ്റു. ഇസ്രഈലി വിമാനങ്ങള്‍ ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി.

ഗാസ മുനമ്പിലെ അതിര്‍ത്തി പ്രദേശത്തിനടുത്ത് നൂറ് കണക്കിന് ഫലസ്തീനികള്‍ ഒത്തുകൂടുകയായിരുന്നു. ചിലര്‍ അതിര്‍ത്തി രേഖകള്‍ മറികടക്കാനും മറ്റ് ചിലര്‍ ഇസ്രഈല്‍ പട്ടാളത്തിനെതിരെ സ്ഫോടകവസ്തുക്കള്‍ വലിച്ചെറിയാനും ശ്രമിച്ചുവെന്നാണ് ഇസ്രഈല്‍ സൈന്യം പറയുന്നത്.

വെടിവെയ്പിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇസ്രഈല്‍ കൂടുതല്‍ സൈന്യത്തെ ഗാസ അതിര്‍ത്തിയില്‍ നിയോഗിച്ചു.

കനത്ത സൈനിക സുരക്ഷയുള്ള അതിര്‍ത്തിയിലാണ് ഹമാസ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര്‍ സംഘടിച്ച പ്രകടനത്തിനിടെ ചിലര്‍ അതിര്‍ത്തി ലക്ഷ്യമിട്ട് കല്ലുകളെറിഞ്ഞു. ഇതോടെ, ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മസ്ജിദുല്‍ അഖ്‌സയില്‍ മൂന്ന് മാസം മുന്‍പ് ഇസ്രഈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഫലസ്തീന് നേരെ നിരന്തര ആക്രമണമാണ് ഇസ്രഈല്‍ നടത്തിയത്.

ഈ സംഘര്‍ഷത്തില്‍ 260 ഫലസ്തീനികളും 13 ഇസ്രായേലികളും കൊല്ലപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Gaza border clashes wound 41 Palestinians

We use cookies to give you the best possible experience. Learn more