ഗാസ: ഇടവേളയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രാഈലിന്റെ ആക്രമണം. 52 വര്‍ഷം മുമ്പ് നടന്ന മസ്ജിദുല്‍ അഖ്‌സ തീവെപ്പിന്റെ ഓര്‍മ പുതുക്കി ഹമാസ് നടത്തിയ സമരത്തിനു നേരെ നടന്ന ആക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 41 ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ തലയ്ക്ക് വെടിയേറ്റ ഒരു 13 വയസുകാരനും ഉള്‍പ്പെട്ടിട്ടുള്ളതായി ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഒരു ഇസ്രഈല്‍ സൈനികനും പരിക്കേറ്റു. ഇസ്രഈലി വിമാനങ്ങള്‍ ഗാസയിലെ ഹമാസിന്റെ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി.
ഗാസ മുനമ്പിലെ അതിര്‍ത്തി പ്രദേശത്തിനടുത്ത് നൂറ് കണക്കിന് ഫലസ്തീനികള്‍ ഒത്തുകൂടുകയായിരുന്നു. ചിലര്‍ അതിര്‍ത്തി രേഖകള്‍ മറികടക്കാനും മറ്റ് ചിലര്‍ ഇസ്രഈല്‍ പട്ടാളത്തിനെതിരെ സ്ഫോടകവസ്തുക്കള്‍ വലിച്ചെറിയാനും ശ്രമിച്ചുവെന്നാണ് ഇസ്രഈല്‍ സൈന്യം പറയുന്നത്.
വെടിവെയ്പിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് ഇസ്രഈല്‍ കൂടുതല്‍ സൈന്യത്തെ ഗാസ അതിര്‍ത്തിയില്‍ നിയോഗിച്ചു.
കനത്ത സൈനിക സുരക്ഷയുള്ള അതിര്‍ത്തിയിലാണ് ഹമാസ് പ്രതിഷേധം സംഘടിപ്പിച്ചത്. നൂറുകണക്കിന് പേര്‍ സംഘടിച്ച പ്രകടനത്തിനിടെ ചിലര്‍ അതിര്‍ത്തി ലക്ഷ്യമിട്ട് കല്ലുകളെറിഞ്ഞു. ഇതോടെ, ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.