| Monday, 30th October 2023, 5:58 pm

ഉദായ് അബു മുഹ്സിൻ; വയസ്സ് ഒരു ദിവസം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഇസ്രഈൽ ഫലസ്തീൻ സംഘർഷത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു ദിവസം മാത്രം പ്രായമുള്ള ഉദായ് അബു മുഹ്സിനും. ഗസയിൽ ജനിച്ചുവീണ ദിവസം തന്നെ ഇസ്രഈൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട ഉദായ് അബു മുഹ്സിന്റെ മരണദിവസത്തെകുറിച്ച് ഫലസ്തീൻ ഫോട്ടോ ജേർണലിസ്റ്റ് ബിലാൽ ഖാലിദ് തന്റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവെച്ചത്.

നവജാത ശിശുവിന്റെ വെള്ളപുതപ്പിൽ ( കഫനിൽ ) പൊതിഞ്ഞ ചിത്രമാണ് ഖാലിദ് പങ്കുവെച്ചത്. അതിൽ ജനന മരണ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

‘ഉദായ് അബു മുഹ്സിൻ വയസ് ഒരു ദിവസം. ജനന സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെങ്കിലും അവനു മരണ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നു’.

ഇസ്രഈൽ ഹമാസ് യുദ്ധം ഇരുപത്തിനാലാമത് ദിവസത്തിലേക്ക് കടക്കുകയാണ്. അതിനിടെ വെസ്റ്റ് ബാങ്കിലെ ജനീൻ മേഖലയിലും ഇസ്രഈൽ സൈനിക ടാങ്കുകൾ പ്രവേശിച്ചു.

ഇവിടെ ഫലസ്തീനികൾ ടാങ്കുകൾക്ക് നേരെ കല്ലെറിഞ്ഞു പ്രതിഷേധിച്ചതായി ന്യൂസ് ഡേ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ജെനിൻ ബ്രിഗേഡിന്റെ തലവൻ വൈ അൽ ഹനുൻ ഇസ്രഈൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ഇസ്രഈൽ വൃത്തങ്ങൾ സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

നിലവിൽ യുദ്ധമേഖലയിൽ ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധത്തിന്റെ രണ്ടാം ഘട്ടം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവരെ ഗസയിൽ കൊല്ലപ്പെട്ട ഫലസ്തീനികളുടെ മരണസംഖ്യ 8000 കടന്നതായി ഗസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതിൽ 3000ത്തിൽ അധികം പേരും കുട്ടികളാണ്. ഇനിയും മരണസംഖ്യ ഉയരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

ആയിരത്തോളം കുട്ടികൾ ഇപ്പോഴും തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഉണ്ടെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തിരുന്നു. ഗസയിലെ ജനസംഖ്യയിൽ പകുതിയോളം 18 വയസ്സിന് താഴെയുള്ള കുട്ടികളാണ്.

യൂറോ മേഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ 2021ലെ റിപ്പോർട്ടിൽ ഗസയിലെ 91 ശതമാനം കുട്ടികളും സംഘർഷവുമായി ബന്ധപ്പെട്ട ആഘാതം അനുഭവിക്കുന്നതായി കണ്ടെത്തിയിരുന്നു.

Content Highlight: Gaza Bomb blast baby death

We use cookies to give you the best possible experience. Learn more