| Tuesday, 25th May 2021, 5:42 pm

ഗാസയില്‍ നിരവധി മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് സേവനങ്ങള്‍ വിലക്കിയതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജറുസലേം: വെടിനിര്‍ത്തലിന് ശേഷവും ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള നിയന്ത്രണങ്ങള്‍ തുടരുന്നു. ഗാസ മുനമ്പിലെ നിരവധി ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് സേവനങ്ങള്‍ വിലക്കിയതായി മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു.

ഗാസയിലെ 17 മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ വെള്ളിയാഴ്ച മുതല്‍ ബ്ലോക്ക് ചെയ്തിരുന്നുവെന്ന് അസോസിയേറ്റഡ് പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇക്കഴിഞ്ഞ ദിവസം ഉച്ചയോടെ അല്‍ജസീറയിലെ 4 മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ കൂടി വിലക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

പതിനൊന്ന് ദിവസം നീണ്ടുനിന്ന ഇസ്രാഈല്‍ ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഗാസയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കും കനത്ത നഷ്ടങ്ങളാണുണ്ടായത്.

ഗാസയിലെ അല്‍ജസീറ, അമേരിക്കന്‍ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സ് എന്നീ മാധ്യമ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഇസ്രാഈല്‍ സൈന്യം ബോംബാക്രമണം നടത്തിയത് വാര്‍ത്തയായിരുന്നു.

മാധ്യമസ്ഥാപനങ്ങള്‍ക്ക് കെട്ടിടം ഒഴിയാന്‍ അന്ത്യശാസനം നല്‍കിയതിന് പിന്നാലെയായിരുന്നു ഇസ്രാഈല്‍ സൈന്യത്തിന്റെ നടപടി.

ഗാസയില്‍ നിന്നുള്ള വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഇസ്രാഈല്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണമെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. രണ്ട് സെക്കന്റിനുള്ളില്‍ എല്ലാം അപ്രത്യക്ഷമായെന്നായിരുന്നു ആക്രമണത്തെക്കുറിച്ച് അല്‍ജസീറ ലേഖകന്‍ സഫ്വത് അല്‍ കഹ്ലൗട്ട് പ്രതികരിച്ചത്.

മാധ്യമസ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു കെട്ടിടവും കഴിഞ്ഞ ദിവസം ഇസ്രാഈല്‍ സൈന്യം ബോംബിട്ട് തകര്‍ത്തിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ കെട്ടിടം തകര്‍ത്ത ഇസ്രാഈല്‍ നടപടി യുദ്ധക്കുറ്റമായി കാണണമെന്ന് അന്താരാഷ്ട്ര എത്തിക്കല്‍ ജേര്‍ണലിസം നെറ്റ്വര്‍ക്ക് അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം, 11 ദിവസമായി ഫലസ്തീനെതിരെ നടത്തിവന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നതായി ഇസ്രാഈല്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു. ഈജിപ്ത് മുന്നോട്ടുവെച്ച മധ്യസ്ഥ ഫോര്‍മുല അംഗീകരിച്ചതായും വെടിനിര്‍ത്തലിന് തങ്ങള്‍ തയ്യാറാണെന്നുമാണ് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ വെടിനിര്‍ത്തല്‍ നിലവില്‍ വന്നിരുന്നു. ഇസ്രാഈലിന് പിന്നാലെ ഹമാസും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിച്ചിരുന്നു.

പതിനൊന്ന് ദിവസം നീണ്ട ഇസ്രാഈല്‍ ആക്രമണത്തില്‍ 232 ഫലസ്തീനികളാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇതില്‍ 65 കുട്ടികളും 39 സ്ത്രീകളും ഉള്‍പ്പെടുന്നു.

1900 പേര്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയില്‍ കഴിയുകയാണ്. ഹമാസ് നടത്തിയ പ്രത്യാക്രമണങ്ങളില്‍ രണ്ട് കുട്ടികളും ഒരു മലയാളിയും ഉള്‍പ്പെടെ 12 പേര്‍ ഇസ്രാഈലിലും കൊല്ലപ്പെട്ടു. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കുകളുമുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Content Highlights: Gaza-based journalists say their accounts blocked by WhatsApp

Latest Stories

We use cookies to give you the best possible experience. Learn more