സ്വവര്‍ഗാനുരാഗികള്‍ ജഡ്ജിയുടെ കോലം കത്തിച്ചു
Kerala
സ്വവര്‍ഗാനുരാഗികള്‍ ജഡ്ജിയുടെ കോലം കത്തിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th December 2013, 4:10 pm

[] കോഴിക്കോട്: സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് കോഴിക്കോട് സ്വവര്‍ഗാനുരാഗികള്‍ ജഡ്ജിയുടെ കോലം കത്തിച്ചു.

മുതലക്കുളത്ത് മലബാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് വിധിക്കെതിരെയുള്ള പ്രതിഷേധപ്രകടനം നടന്നത്.

സ്വവര്‍ഗനുരാഗികള്‍ക്ക് തങ്ങളുടേതായ സ്വാതന്ത്ര്യമുണ്ട്.  ലൈംഗികത ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യമാണെന്നും അതില്‍ സുപ്രീംകോടതി വിധിക്ക് യാതൊരു പ്രസക്തിയില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ നിന്ന് തങ്ങള്‍ക്ക് അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മലബാര്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ഇതിനുമുമ്പും സ്വവര്‍ഗാനുരാഗികളെ പിന്തുണച്ച് കൊണ്ട് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

സ്വവര്‍ഗരതി നിയമവിധേയമാണെന്ന ദല്‍ഹി ഹൈക്കോടതി വിധിയാണ് സുപ്രീം കോടതിയുടെ ഉത്തരവോടെ റദ്ദായിരിക്കുന്നത്.

സ്വവര്‍ഗാനുരാഗം തെറ്റല്ലെന്നും അത് ജീവിക്കാനുള്ള അവകാശത്തിന്റെ ഭാഗമാണെന്നും കാണിച്ച് 2009ല്‍ ഡല്‍ഹി ഹൈക്കോടതി വിധി പ്രസ്താവിച്ചിരുന്നു.

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കണമെന്ന 2009ലെ ദല്‍ഹി ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ചിട്ടുള്ള 16 ഹരജികളിലാണ് സുപ്രീംകോടതി വിധി പ്രഖ്യാപിച്ചത്.