പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ക്രിക്കറ്റില്‍ സച്ചിനും അംലയും മാത്രം കൈപിടിയിലൊതുക്കിയ നേട്ടത്തിലേക്ക് ക്രിസ് ഗെയ്‌ലും. ലോകകപ്പ് യോഗ്യത റൗണ്ടില്‍ യു.എ.ഇക്കെതിരെ സെഞ്ച്വറി നേടിയതോടെയാണ് ഗെയ്ല്‍ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിനൊപ്പം എഴുതിച്ചേര്‍ത്തത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 11 രാജ്യങ്ങള്‍ക്കെതിരെ സെഞ്ച്വറി നേടിയതിന്റെ റെക്കോഡാണ് സച്ചിനും അംലക്കുമൊപ്പം ഗെയ്ല്‍ പങ്കിടുന്നത്. യു.എ.ഇയെ കൂടാതെ ബംഗ്ലാദേശ്, കാനഡ, ഇംഗ്ലണ്ട്, ഇന്ത്യ, കെനിയ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, സിംബാംബ്‌വെ എന്നിവര്‍ക്കെതിരെയും ഗെയ്ല്‍ ഏകദിനത്തില്‍ സെഞ്ച്വറി നേടിയിട്ടുണ്ട്.
276 ഏകദിനങ്ങളില്‍ നിന്ന് ഗെയ്ല്‍ 9543 റണ്‍സ് നേടിയിട്ടുണ്ട്. 23 സെഞ്ച്വറികളും ഗെയ്‌ലിന്റെ പേരിലുണ്ട്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ചതിന്റെ റെക്കോഡില്‍ മൂന്നാം സ്ഥാനത്താണ് ഈ വിന്‍ഡീസുകാരന്‍.
അംല നേടിയ 26 സെഞ്ച്വറികള്‍ ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, അയര്‍ലന്‍ഡ്, നെതര്‍ലാന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാംബ് വെ എന്നീ രാജ്യങ്ങള്‍ക്കെതിരെയാണ്.
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, കെനിയ, നമീബിയ, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാംബ് വെ, ദക്ഷിണാഫ്രിക്ക എന്നിവര്‍ക്കെതിരെയാണ് സെഞ്ച്വറി കുറിച്ചിട്ടുള്ളത്.