കോട്ടയം: നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിക്കെതിരെ വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ. കലൂര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടന്ന അപകടത്തിന് ശേഷം എം.എല്‍.എ ഉമ തോമസിനെ കാണാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറായില്ലെന്നും അവര്‍ കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായെന്നും ഗായത്രി വര്‍ഷ പറഞ്ഞു. സി.പി.ഐ.എം കോട്ടയം ജില്ല സമ്മേളനത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലായിരുന്നു ഗായത്രി വര്‍ഷയുടെ വിമര്‍ശനം.
മാധ്യമങ്ങള്‍ ആദ്യ ഘട്ടത്തില്‍ സംഘാടകരുടെ പേര് മറച്ചുവെച്ചെന്നും കലാപ്രവര്‍ത്തനം കച്ചവടമായി മാറിയെന്നും അവര്‍ പറഞ്ഞു. ഇത്തരം കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഭാഗമായണ് കൊച്ചിയില്‍ നടന്ന മൃദംഗവിഷന്റെ പരിപാടിയെന്നും അതിനോട് സോഷ്യല്‍ മീഡിയ സമൂഹവും മൗനം പാലിച്ചെന്നും ഗായത്രി വര്‍ഷ വിമര്‍ശിച്ചു.
ദിവസങ്ങള്‍ക്ക് മുമ്പാണ് കൊച്ചി കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് 12000 പേര്‍ പങ്കെടുത്ത നൃത്തപരിപാടി സംഘടിപ്പിച്ചത്. ഈ പരിപാടിക്കിടെയിലാണ് വി.ഐ.പി. ഗ്യാലറിയില്‍ നിന്ന് എം.എല്‍.എ ഉമ തോമസ് 20 അടി താഴ്ചയിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ എം.എല്‍.എ ഇപ്പോഴും കൊച്ചി റിനായ് മെഡിസിറ്റിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്.
അതേസമയം പരിപാടിയെ കുറിച്ചുള്ള അന്വേഷണം പ്രഖ്യാപിച്ച ഉടന്‍ തന്നെ നൃത്തപരിപാടിക്ക് നേതൃത്വം നല്‍കിയ ദിവ്യ ഉണ്ണി വിദേശത്തേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.
content highlights: Gayatri Varsha criticized Divya Unni