| Monday, 21st February 2022, 3:46 pm

വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക, ഏത് പാമ്പാ? ഗായത്രിയുടെ ഒണക്ക മുന്തിരി പാട്ടിനെ ട്രോളി സോഷ്യല്‍ മീഡിയ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയിലെത്തിയ നാള്‍ മുതല്‍ ട്രോളുകള്‍ വാരികൂട്ടിയ നായികയാണ് ഗായത്രി സുരേഷ്. ഗായത്രിയുടെ എല്ലാ പ്രതികരണങ്ങള്‍ക്കുമെതിരെയും ട്രോളുകള്‍ ഉണ്ടാവാറുണ്ട്. എല്ലാ വിഷയങ്ങളിലും താരം പ്രതികരണം അറിയിക്കാറുമുണ്ട്. ഇപ്പോഴിതാ താന്‍ പാടിയ പാട്ടിന്റെ പേരിലാണ് താരം ട്രോളുകള്‍ ഏറ്റുവാങ്ങുന്നത്.

ഫ്രീ ബേര്‍ഡ് എന്റര്‍ടെയിന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം പാട്ട് പാടുന്നത്. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലൊരുങ്ങിയ ‘ഹൃദയം’ എന്ന സിനിമയിലെ ഒണക്ക മുന്തിരി എന്ന് തുടങ്ങുന്ന പാട്ടാണ് ഗായത്രി പാടുന്നത്.

പാട്ട് പാടുന്ന രീതിയും വരികള്‍ തെറ്റിച്ചതും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.

‘തേങ്ങ കൊത്തൊന്ന് കൊരിക്ക കൊരിക്ക, വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക,’ എന്നാണ് ഗായത്രി പാടുന്നത്.

വെറ്റലേം പാമ്പും ചവയ്ക്ക ചവയ്ക്ക എന്ന് പാടിയതോടെ ഏത് പാമ്പാണെന്ന് ചോദിച്ചാണ് പലരും രംഗത്തെത്തിയത്.

അഭിമുഖത്തിനിടയില്‍ മറ്റൊരു ഹിന്ദി പാട്ടും താരം പാടുന്നുണ്ട്. അതിലെ വരികള്‍ ആര്‍ക്കും അറിയാത്തത് കൊണ്ട് തെറ്റിയാല്‍ കുഴപ്പമില്ലെന്നും കമന്റുകള്‍ വരുന്നുണ്ട്.

സിനിമയില്‍ വന്ന നാള്‍ മുതല്‍ തന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു പാട്ട് പാടണമെന്നതെന്നും എല്ലാ മേഖലയിലും കയ്യൊപ്പ് പതിപ്പിക്കണമെന്നും ഗായത്രി അഭിമുഖത്തില്‍ പറയുന്നുണ്ട്.

‘പാട്ട്, ഡാന്‍സ്, ആക്ടിംഗ് അങ്ങനെ എല്ലാം എനിക്ക് ഇഷ്ടമാണ്. ഒരുപാട് നാളായിട്ട് മനസിലുള്ളൊരു മോഹമാണ് പാട്ട് പാടണമെന്നത്. എക്‌സ്‌കേപ്പ് എന്ന സിനിമയുടെ ഷൂട്ട് കഴിഞ്ഞപ്പോള്‍ എന്നോട് ഡയറക്ടര്‍ സിനിമയില്‍ ഒരു പാട്ട് പാടിയാലോ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ ഓക്കെ താങ്ക്യൂ അതിനെന്താ എന്ന് പറഞ്ഞു. അങ്ങനെയാണ് ഞാന്‍ ആ സിനിമയില്‍ പാട്ട് പാടുന്നത്. മുമ്പ് ഞാന്‍ സിനിമയില്‍ ഒരു പാട്ട് പാടിയിരുന്നു. പക്ഷെ അത് വേണ്ടാന്ന് വെച്ചു,’ ഗായത്രി പറയുന്നു.

സിനിമയില്‍ എല്ലാതരത്തിലുള്ള കഥാപാത്രങ്ങളും ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിച്ച ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി സുരേഷ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 2014ലെ മിസ് കേരളയായിരുന്നു ഗായത്രി.

2016ല്‍ സജിത്ത് ജഗദ്നന്ദന്‍ സംവിധാനം ചെയ്ത ഒരേ മുഖം, ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്നം 6എസ്, 2017ല്‍ സഖാവ്, ഒരു മെക്സിക്കന്‍ അപാരത, വര്‍ണ്യത്തില്‍ ആശങ്ക. 2018ല്‍ കല വിപ്ലവം പ്രണയം, നാം എന്നീ ചിത്രങ്ങളിലും ഗായത്രി അഭിനയിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഉദ്യോഗസ്ഥ കൂടിയാണ് താരം.


Content Highlights: Gayatri’s onakka munthiri song gets trolls on social media

We use cookies to give you the best possible experience. Learn more